അവരെ ഫൈനലിൽ കിട്ടുന്നത് ഞാൻ ഇഷ്ടപ്പെടുന്നു:എംബപ്പേ
വരുന്ന യൂറോ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ എംബപ്പേയും അദ്ദേഹത്തിന്റെ ടീമായ ഫ്രാൻസുമുള്ളത്. ടൂർണമെന്റിലെ കിരീട ഫേവറേറ്റുകളിൽ ഒന്നാണ് ഫ്രാൻസ്.കിലിയൻ എംബപ്പേയുടെ ക്യാപ്റ്റൻസിയിൽ അവർ ആദ്യമായി ഇറങ്ങുന്ന ടൂർണമെന്റ് കൂടിയാണ് ഇത്.എംബപ്പേക്ക് ഇതുവരെ ഫ്രാൻസിനോടൊപ്പം യൂറോ കപ്പ് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. അത് തിരുത്തുക എന്നതാണ് ഇത്തവണ താരം ലക്ഷ്യമിടുന്നത്.
ഇക്കാര്യം എംബപ്പേ തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഫ്രാൻസ് ടീമിനോടൊപ്പം തനിക്ക് ചരിത്രം കുറിക്കണമെന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. കൂടാതെ ഫൈനലിൽ ജർമ്മനി എതിരാളികളായി കൊണ്ട് വരുന്നത് താൻ ഇഷ്ടപ്പെടുന്നുവെന്നും എംബപ്പേ പറഞ്ഞിട്ടുണ്ട്.സ്പോർട് ബിൽഡ് എന്ന ജർമ്മൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.എംബപ്പേയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങൾ ജർമ്മനിയിലേക്ക് വന്നിട്ടുള്ളത് ചരിത്രം കുറിക്കാനാണ്.ഞങ്ങൾ യൂറോകപ്പിന് തയ്യാറായിക്കഴിഞ്ഞു,കിരീട ദാഹത്തോട് കൂടിയാണ് ഞങ്ങൾ വന്നിരിക്കുന്നത്. ഞങ്ങളുടെ രാജ്യത്തേക്ക് കിരീടം ഞങ്ങൾക്ക് എത്തിക്കേണ്ടതുണ്ട്.കഴിഞ്ഞ സൗഹൃദ മത്സരത്തിൽ ജർമ്മനിയോട് ഞങ്ങൾ പരാജയപ്പെട്ടിരുന്നു. പക്ഷേ സൗഹൃദ മത്സരം ഞങ്ങൾ കണക്കുകൂട്ടുന്നില്ല. ജർമ്മനിയെ ഫൈനലിൽ കിട്ടുന്നത് ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. വളരെ ഗൗരവത്തോടെ കൂടി തന്നെയാണ് ഈ കോമ്പറ്റീഷനെ ഞങ്ങൾ പരിഗണിക്കുന്നത്.ജർമ്മനി ഒരു മികച്ച ടീമാണ്.തിരിച്ചടികൾ ഉണ്ടായാൽ അതിൽ നിന്ന് പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരാൻ അവർക്ക് സാധിക്കാറുണ്ട്. അവരുടെ ചരിത്രം എടുത്തു പരിശോധിച്ചാൽ നമുക്കത് മനസ്സിലാകും ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
അവസാനമായി നടന്ന സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫ്രാൻസിനെ തോൽപ്പിക്കാൻ ജർമ്മനിക്ക് സാധിച്ചിരുന്നു. ഇതേക്കുറിച്ചാണ് എംബപ്പേ ഇപ്പോൾ സംസാരിച്ചിട്ടുള്ളത്. കിരീട ഫേവറേറ്റുകളിൽ മുൻപന്തിയിൽ അല്ലെങ്കിലും ജർമ്മനിയും പതിയെ പോലെ ശക്തരാണ്.