അരങ്ങേറ്റവും ഗോളും അസിസ്റ്റും,കരുത്ത് തെളിയിച്ച് ബ്രസീലിന്റെ ഗോൾഡൻ ജനറേഷൻ!
കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീൽ ചിലിയെ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയർ,വിനീഷ്യസ് ജൂനിയർ,ഫിലിപ്പെ കൂട്ടിഞ്ഞോ,റിച്ചാർലീസൺ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോൾ നേടിയത്.
ഏതായാലും ഈ മത്സരത്തിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ബ്രസീലിന്റെ ഗോൾഡൻ ജനറേഷന്റെ പ്രകടനമാണ്.അതായത് കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ നേടിയത് ബ്രസീൽ ടീമായിരുന്നു. ആ ടീമിൽ ഉണ്ടായിരുന്ന താരങ്ങളെയാണ് പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ ഗോൾഡൻ ജനറേഷൻ എന്ന് അഭിസംബോധനം ചെയ്തിരിക്കുന്നത്.
Estreia, gol e assistências: goleada sobre o Chile mostra força de "geração de ouro" na Seleção
— ge (@geglobo) March 26, 2022
https://t.co/DsT0gCkpok pic.twitter.com/X3nRae7owD
ഒളിമ്പിക് സ്‌ക്വാഡിൽ ഉണ്ടായിരുന്ന 18 പേരിൽ 11 പേരെയും ടിറ്റെ ഈയൊരു സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു.അതിൽ ആറ് പേരാണ് കഴിഞ്ഞ മത്സരം കളിച്ചിട്ടുള്ളത്.ഗില്ലർമെ അരാന,ഡാനി ആൽവെസ്,ബ്രൂണോ ഗുയ്മിറസ്,ആന്റണി,റിച്ചാർലീസൺ,ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരാണ് ബ്രസീലിനു വേണ്ടി കഴിഞ്ഞ മത്സരം കളിച്ചത്.കുഞ്ഞ,ഡഗ്ലസ് ലൂയിസ്,ഡിയഗോ കാർലോസ്,ഗബ്രിയേൽ മെനിനോ,സാന്റോസ് എന്നിവർ സ്‌ക്വാഡിലുമുണ്ട്.
ആദ്യമായാണ് ആന്റണി ബ്രസീലിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടിയത്. മിന്നും പ്രകടനം നടത്തിയ താരം ഒരു അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്തു.റിച്ചാർലീസൺ ഒരു ഗോൾ സ്വന്തമാക്കി. അതേസമയം ആഴ്സണൽ സൂപ്പർതാരമായ ഗബ്രിയേൽ മാർട്ടിനെല്ലി ബ്രസീലിനു വേണ്ടി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.ഇങ്ങനെ ഗോൾഡൻ ജനറേഷൻ ബ്രസീലിന് വലിയൊരു പ്രതീക്ഷയാണ് നൽകുന്നത്.
ഇനി ബ്രസീലിന്റെ എതിരാളികൾ ബൊളീവിയയാണ്.സൂപ്പർ താരങ്ങളായ നെയ്മർ,വിനീഷ്യസ് എന്നിവർക്ക് സസ്പെൻഷൻ മൂലം കളിക്കാനാവില്ല.അത്കൊണ്ട് തന്നെ ആന്റണിയും റിച്ചാർലീസണുമൊക്കെ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ ആരാധകർ.