അരങ്ങേറ്റത്തിൽ ഹാട്രിക്കും കിരീടവും,ബ്രസീലിൽ സുവാരസ് താണ്ഡവം ആരംഭിച്ചു!

ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലൂയിസ് സുവാരസിനെ ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോ സ്വന്തമാക്കിയത്.ഇന്നലെയായിരുന്നു താരം തന്റെ അരങ്ങേറ്റം കുറിച്ചിരുന്നത്. ഒരു തകർപ്പൻ ഹാട്രിക്ക് നേടി കൊണ്ടാണ് സുവാരസ് ബ്രസീലിലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയത്.മാത്രമല്ല തന്റെ ക്ലബ്ബിന് കിരീടം നേടിക്കൊടുക്കാനും ഈ ഉറുഗ്വൻ സൂപ്പർതാരത്തിന് സാധിച്ചു.

റീകോപ ഗൗച്ച ഫൈനലിൽ ഗ്രിമിയോയും സാവോ ലൂയിസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിന്റെ നാലാം മിനിറ്റിലാണ് സുവാരസിന്റെ ആദ്യ ഗോൾ പിറക്കുന്നത്.ഒരു തകർപ്പൻ ഗോൾ ആയിരുന്നു താരം നേടിയിരുന്നത്. പക്ഷേ പതിനാലാം പൗളിഞ്ഞോയിലൂടെ സാവോ ലൂയിസ് ഒപ്പം എത്തി. പിന്നീട് 16ആം മിനുട്ടിൽ ബിറ്റല്ലോ ഗ്രിമിയൊക്ക്‌ ലീഡ് നേടിക്കൊടുക്കുകയായിരുന്നു.

അതിനുശേഷമാണ് സുവാരസിന്റെ രണ്ട് ഗോളുകൾ പിറന്നത്.31,38 മിനിട്ടുകളിലാണ് തകർപ്പൻ ഫിനിഷിംഗിലൂടെ താരം ഗോളുകൾ നേടിയത്. താരത്തിന്റെ ഹാട്രിക് മികവിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഗ്രിമിയോ വിജയിക്കുകയും കിരീടം നേടുകയും ചെയ്തു. ഏതായാലും തന്റെ മികവിന് ഒരു പ്രശ്നവും തട്ടിയിട്ടില്ല എന്നുള്ളത് 35കാരനായ സുവാരസ് ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു.

ഒക്ടോബർ 2018ലായിരുന്നു സുവാരസ് ഇതിന് മുമ്പ് അവസാനമായി ഹാട്രിക്ക് സ്വന്തമാക്കിയത്. അന്ന് എതിരാളികൾ റയൽ മാഡ്രിഡ് ആയിരുന്നു.ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു അന്ന് ബാഴ്സ വിജയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *