അന്ന് പതിനേഴുകാരൻ പെലെ പണി കൊടുത്തു,ഒടുവിൽ 64 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വെയിൽസ്!

ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത പ്ലേ ഓഫ് മത്സരത്തിൽ ഉക്രൈനെ പരാജയപ്പെടുത്താൻ വെയിൽസിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് വെയിൽസ് ഉക്രൈനെ കീഴടക്കിയത്.മത്സരത്തിന്റെ മുപ്പത്തിനാലാം മിനുട്ടിൽ സൂപ്പർ താരം ഗാരെത് ബെയ്ൽ എടുത്ത ഫ്രീകിക്ക് യർമൊലെങ്കോയുടെ ദേഹത്ത് തട്ടി ഗോളായി മാറുകയായിരുന്നു. ഇതാണ് വെയിൽസിന് വിജയം സമ്മാനിച്ചത്.

ഏതായാലും ഈ ജയത്തോട് കൂടി വരുന്ന ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടാൻ വെയിൽസിന് സാധിച്ചിട്ടുണ്ട്.1958-ന് ശേഷം ഇതാദ്യമായാണ് വെയിൽസ് വേൾഡ് കപ്പിന് യോഗ്യത നേടുന്നത്. അതായത് 64 വർഷത്തെ കാത്തിരിപ്പിനാണ് ബെയ്ലും സംഘവും ഇപ്പോൾ വിരാമം കുറിച്ചിട്ടുള്ളത്. ഇത്രയും ദീർഘമേറിയ ഒരു കാലയളവിന് ശേഷം വേൾഡ് കപ്പിന് വീണ്ടും യോഗ്യത നേടുന്ന ഫുട്ബോൾ ചരിത്രത്തിലെ ആദ്യത്തെ ടീമും കൂടിയാണ് വെയിൽസ്.

1958-ലെ വേൾഡ് കപ്പിൽ ബ്രസീലിനോട് പരാജയപ്പെട്ടു കൊണ്ടാണ് വെയിൽസ് പുറത്തായത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രസീൽ ക്വാർട്ടർ ഫൈനലിൽ വെയിൽസിനെ പരാജയപ്പെടുത്തിയത്. അന്ന് ബ്രസീലിന്റെ വിജയഗോൾ നേടിയത് ഇതിഹാസ താരമായി മാറിയ പെലെയായിരുന്നു.മത്സരത്തിന്റെ 66-ആം മിനിറ്റിലായിരുന്നു പെലെയുടെ വിജയ ഗോൾ പിറന്നത്. അന്ന് ആ ഗോൾ നേടുമ്പോൾ പെലെയുടെ പ്രായം എന്നുള്ളത് കേവലം 17 വയസ്സ് മാത്രമാണ്.

ആ ഒരു വേൾഡ് കപ്പ് കിരീടം ചൂടിയതും ബ്രസീൽ തന്നെയായിരുന്നു. അന്ന് പെലെയുടെ ഗോളിൽ വേൾഡ് കപ്പിൽ നിന്നും പുറത്തായി വെയിൽസ് പിന്നീടൊരിക്കലും വേൾഡ് കപ്പ് കളിച്ചില്ല. എന്നാൽ ഇന്ന് ബെയ്ലിന്റെ ചിറകിലേറി ഖത്തർ വേൾഡ് കപ്പ് കളിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ വെയിൽസുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *