അധിക്ഷേപിച്ചു,കാലൊടിക്കുമെന്ന് പറഞ്ഞു : പ്രതികാരമായാണ് ഗോളടിച്ചതെന്ന് ഹാലണ്ട്!

യുവേഫ നേഷൻസ് ലീഗ് ബിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു നോർവേ സ്വീഡനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം എർലിംഗ് ഹാലണ്ടാണ് നോർവേക്ക് ഈ വിജയം സമ്മാനിച്ചത്. നോർവേ നേടിയ രണ്ട് ഗോളുകളും പിറന്നത് എർലിംഗ് ഹാലണ്ടിന്റെ ബൂട്ടിൽ നിന്നായിരുന്നു.

എന്നാൽ ഈ മത്സരവുമായി ബന്ധപ്പെട്ട ഒരു വിവാദം ഇപ്പോൾ കൊഴുക്കുന്നുണ്ട്.അതായത് സ്വീഡൻ ഡിഫന്ററായ മിലോസെവിച്ച് തന്നെ വേശ്യ എന്ന് വിളിച്ചാക്ഷേപിച്ചു എന്നാണ് ഹാലണ്ട് ആരോപിച്ചിട്ടുള്ളത്.കൂടാതെ കാലൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹാലണ്ട് കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതിനൊക്കെ പ്രതികാരമായാണ് താൻ ഗോൾ നേടിയതെന്നും ഹാലണ്ട് അറിയിച്ചു.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആദ്യം അദ്ദേഹം എന്നെ വിളിച്ചത് W**** എന്നാണ്.ഞാൻ അതല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് എന്റെ കാലൊടിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. എന്നാൽ ഒരു മിനിറ്റിന് ശേഷം ഞാൻ ഗോൾ നേടുകയായിരുന്നു ” ഇതാണ് ഹാലണ്ട് പറഞ്ഞത്.

എന്നാൽ സ്വീഡൻ താരമായ മിലോസെവിച്ച് ഇത് പൂർണ്ണമായും നിഷേധിച്ചിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്..

” ഞാൻ അദ്ദേഹത്തെ W**** എന്ന് വിളിച്ചിട്ടില്ല. ഇത്തരം കാര്യങ്ങൾക്ക് വേണ്ടി എന്റെ സമയം പാഴാക്കുന്ന ഒരാളല്ല ഞാൻ.എനിക്ക് നോർവീജിയൻ ഭാഷ സംസാരിക്കാൻ അറിയില്ല, അത് മനസ്സിലാക്കുകയുമില്ല. അദ്ദേഹത്തിന് സ്വീഡിഷ്‌ ഭാഷ അറിയുമോ എന്നെനിക്കറിയില്ല. കളത്തിൽ എന്താണോ സംഭവിച്ചത് അത് അവിടെ തന്നെ നിലകൊള്ളും.ഞാൻ മുന്നോട്ട് പോവുക തന്നെ ചെയ്യും ” ഇതാണ് സ്വീഡിഷ്‌ താരം പറഞ്ഞിട്ടുള്ളത്. തങ്ങൾക്ക് പരസ്പരം ഭാഷകൾ അറിയില്ലെന്നും അത്കൊണ്ട് തന്നെ ഹാലണ്ടിന്റെ ആരോപണം നുണയാണ് എന്നുമാണ് ഇദ്ദേഹം വാദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *