അത് വ്യാജം, താൻ വിരമിച്ചുവെന്ന വാർത്തയോട് പ്രതികരിച്ച് പോൾ പോഗ്ബ !
ഇന്ന് രാവിലെ മുതൽ വ്യാപകമായി പ്രചരിച്ച ഒരു വാർത്തയായിരുന്നു ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബ ഫ്രാൻസ് ദേശീയ ടീമിൽ നിന്നും വിരമിച്ചു എന്നുള്ളത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ മതപരമായ പ്രസ്താവനകളിൽ പ്രതിഷേധിച്ചു കൊണ്ടാണ് പോൾ പോഗ്ബ ഫ്രാൻസ് ദേശീയ ടീമിൽ നിന്നും വിരമിച്ചു എന്ന വാർത്തകൾ. ഇംഗ്ലീഷ് മാധ്യമമായ ദി സൺ ഒരു അറേബ്യൻ മാധ്യമത്തെ ഉദ്ധരിച്ചു കൊണ്ടാണ് ഈ വാർത്ത പുറത്തു വിട്ടത്. തുടർന്ന് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ അടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാർത്തക്ക് വ്യാജമാണെന്ന് പോൾ പോഗ്ബ തന്നെ നേരിട്ട് അറിയിച്ചിരിക്കുകയാണ്.തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി വഴിയാണ് സൂപ്പർ താരം ഈ വാർത്തയുടെ നിജസ്ഥിതി പുറത്തു കൊണ്ടു വന്നത്.
തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ദി സണ്ണിന്റെ സ്ക്രീൻഷോട്ട് ആണ് താരം പുറത്തു വിട്ടിട്ടുള്ളത്. ഈ സ്ക്രീൻഷോട്ടിന് മുകളിൽ ” അസ്വീകാര്യം, വ്യാജവാർത്ത ” എന്ന് ചുവപ്പ് നിറത്തിൽ താരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊരിക്കലും അംഗീകരിക്കാനാവാത്തതാണ് എന്നാണ് പോഗ്ബ ഉദ്ദേശിച്ചത്. ഏതായാലും വ്യാജവാർത്ത പ്രചരിപ്പിച്ച സണ്ണിനെതിരെ വ്യാപകവിമർശനം ഉയരുന്നുണ്ട്. വളരെ വേഗത്തിലായിരുന്നു ഈ വ്യാജവാർത്ത ഫുട്ബോൾ ലോകത്ത് പ്രചരിച്ചത്. 2018-ലെ റഷ്യൻ വേൾഡ് കപ്പ് ഫ്രാൻസിനോടൊപ്പം നേടിയ താരമാണ് പോൾ പോഗ്ബ. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പമാണ് താരം കളിക്കുന്നത്.