അത് പെനാൽറ്റിയല്ല, അവിടം തൊട്ടാണ് ഞങ്ങൾക്ക് കളി നഷ്ടമായത് : വിമർശനവുമായി ലൂക്ക മോഡ്രിച്ച്!

ഖത്തർ വേൾഡ് കപ്പിൽ ഇന്നലെ നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ അർജന്റീന ക്രൊയേഷ്യയെ തകർത്തിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയം സ്വന്തമാക്കിയത്.ഹൂലിയൻ ആൽവരസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ലയണൽ മെസ്സി അർജന്റീനക്ക് വേണ്ടി ഒരു ഗോൾ കണ്ടെത്തുകയായിരുന്നു.

മത്സരത്തിന്റെ 34ആം മിനുട്ടിലാണ് പെനാൽറ്റിയിലൂടെ മെസ്സി അർജന്റീനക്ക് ലീഡ് നേടിക്കൊടുക്കുന്നത്.ഹൂലിയൻ ആൽവരസിനെ ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച് വീഴ്ത്തിയതിനെ തുടർന്നായിരുന്നു അർജന്റീനക്ക് പെനാൽറ്റി ലഭിച്ചത്. തുടർന്ന് മെസ്സി അത് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

എന്നാൽ അത് പെനാൽറ്റി അർഹിക്കുന്നില്ല എന്നുള്ള ആരോപണവുമായി ക്രൊയേഷ്യൻ സൂപ്പർ താരം ലൂക്ക മോഡ്രിച്ച് രംഗത്ത് വന്നിട്ടുണ്ട്. അവിടം തൊട്ടാണ് തങ്ങൾക്ക് കളി കൈവിട്ട് പോയതെന്നും മോഡ്രിച്ച് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ തോൽവിയിൽ അതീവ ദുഃഖമുണ്ട്.മറ്റൊരു ഫൈനൽ കളിക്കാമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ അർജന്റീനക്ക് ഞങ്ങൾ അഭിനന്ദനങ്ങൾ നേരുന്നു. ആ പെനാൽറ്റി വഴങ്ങിയത് മുതലാണ് കാര്യങ്ങൾ തിരിഞ്ഞത്.മത്സരം ഞങ്ങളായിരുന്നു നിയന്ത്രിച്ചിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ആ പെനാൽറ്റി ഇല്ലാത്ത ഒരു പെനാൽറ്റിയാണ്.ലിവാകോവിച്ച് അവിടെ ഫൗൾ ഒന്നും ചെയ്തിട്ടില്ല.പക്ഷേ ഇനി പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ് പോയ കാര്യങ്ങൾ തിരുത്താൻ കഴിയില്ലല്ലോ. തീർച്ചയായും മൂന്നാം സ്ഥാനം നേടാൻ വേണ്ടിയുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തും ” ഇതാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്.

ഏതായാലും ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസും മൊറോക്കോയും തമ്മിലാണ് ഏറ്റുമുട്ടുക. അതിലെ വിജയികൾക്കാണ് അർജന്റീനയെ നേരിടേണ്ടി വരിക.

Leave a Reply

Your email address will not be published. Required fields are marked *