അത്‌ വളരെയധികം മടുപ്പുളവാക്കുന്നത്, ക്രിസ്റ്റ്യാനോ റൊണാൾഡോ തുറന്നു പറയുന്നു !

കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്‌ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരം നൽകപ്പെട്ടത്. ദുബൈ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ നൽകപ്പെടുന്ന ഗ്ലോബ് സോക്കർ അവാർഡാണ് റൊണാൾഡോക്ക്‌ ലഭിച്ചത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, മുഹമ്മദ് സലാ എന്നിവരെ പിന്തള്ളിയാണ് റൊണാൾഡോക്ക്‌ ഈ പുരസ്‌കാരം ലഭിച്ചത്. ഏതായാലും ഈ അവാർഡ് സ്വീകരിച്ച ശേഷം കുറച്ചു കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സൂപ്പർ താരം. ആരാധകരുടെ അഭാവത്തിൽ കളിക്കുന്നത് ഏറെ മടുപ്പുളവാക്കുന്ന കാര്യമാണ് എന്നാണ് റൊണാൾഡോ തുറന്നു പറഞ്ഞത്. ആരാധകരുടെ ആർപ്പു വിളികൾ തനിക്ക് ഏറെ പ്രചോദനമാണെന്നും ആരാധകർ ഇല്ലാതെ ഫുട്ബോൾ ഒന്നുമല്ലെന്നുമാണ് റൊണാൾഡോ അറിയിച്ചത്.

” സത്യസന്ധമായി പറഞ്ഞാൽ ഒഴിഞ്ഞ സ്റ്റേഡിയങ്ങളിൽ കളിക്കുന്നത് വളരെയധികം മടുപ്പുളവാക്കുന്ന ഒന്നാണ്. എല്ലാ പ്രോട്ടോകോളുകളെയും ഞാൻ ബഹുമാനിക്കുന്നു. തീർച്ചയായും ആരോഗ്യത്തിന് തന്നെയാണ് പ്രാധാന്യം നൽകേണ്ടത്. പക്ഷെ ഞാനത് ഇഷ്ടപ്പെടുന്നില്ല. കാരണം ഞാൻ ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ആളാണ്. അതെന്റെ പാഷനാണ്. ഞാൻ കളിക്കുന്നത് എന്റെ കുടുംബത്തിനും എന്റെ കുട്ടികൾക്കും എന്റെ കൂട്ടുകാർക്കും എന്റെ ആരാധകർക്കും വേണ്ടിയാണ്. അത്കൊണ്ട് തന്നെ ഇങ്ങനെ കളിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. അത്‌ ബുദ്ധിമുട്ടേറിയതാണ്. ആരാധകരുടെ ആവേശം എനിക്ക് കേൾക്കണം. അവരുടെ ആരവങ്ങളാണ് എനിക്ക് പ്രചോദനമേകുന്നത്. 2021-ൽ നിയമങ്ങൾ ഒക്കെ മാറുമെന്നും സ്റ്റേഡിയം നിറഞ്ഞുകവിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്തെന്നാൽ ആരാധകരില്ലാതെ ഫുട്ബോൾ ഒന്നുമല്ല ” റൊണാൾഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *