അത്യപൂർവ്വനേട്ടത്തിനുടമായി ഈഡൻ ഹസാർഡ് !

കഴിഞ്ഞ ദിവസമാണ് ബെൽജിയൻ സൂപ്പർ താരം ഈഡൻ ഹസാർഡിനെ തേടി ഒരു അത്യപൂർവ്വ നേട്ടം തേടിയെത്തിയത്. ബെൽജിയം ഫുട്ബോളിന്റെ ഐക്കൺ ആയാണ് ഈ റയൽ മാഡ്രിഡ്‌ സൂപ്പർ താരം തിരഞ്ഞെടുക്കപ്പട്ടിരിക്കുന്നത്. അതായത് 125 വർഷത്തെ ബെൽജിയം ഫുട്ബോളിന്റെ അൾട്ടിമേറ്റ്‌ ഐക്കൺ ആയാണ് ഹസാർഡ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബെൽജിയം ആരാധകരാണ് വോട്ടെടുപ്പിലൂടെ ഹസാർഡിനെ തിരഞ്ഞെടുത്തത്. ബെൽജിയൻ ഫുട്ബോൾ അസോസിയേഷനാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്. ആകെ പോൾ ചെയ്ത വോട്ടുകളിൽ 10.6% വും നേടിക്കൊണ്ടാണ് ഹസാർഡ് ബെൽജിയൻ ഫുട്ബോളിന്റെ ഐക്കൺ ആയി മാറിയത്. 9.4 % വോട്ടുകൾ നേടിക്കൊണ്ട് വിൻസെന്റ് കോമ്പനി രണ്ടാം സ്ഥാനത്തെത്തി. 9.2% വോട്ടുകൾ നേടിയ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം കെവിൻ ഡിബ്രൂയിൻ ആണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

യാൻ സൂലസ്മാൻ നാലാം സ്ഥാനത്തും പോൾ വാൻ ഹിംസ്റ്റ് അഞ്ചാം സ്ഥാനത്തും ഇടം പിടിച്ചു. റൊമേലു ലുക്കാക്കു, ഗേ തൈസ്, എറിക് ജെറെറ്റ്സ്, ജീൻ മേരി ഫാഫ്, റായ്‌മണ്ട് ഗോതൽസ് എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ വരുന്നത്. കേവലം പതിനേഴാം വയസ്സിൽ ബെൽജിയത്തിനായി അരങ്ങേറ്റം കുറിച്ച താരമാണ് ഹസാർഡ്. എന്നാൽ റയൽ മാഡ്രിഡിൽ എത്തിയതോടെ താരത്തിന് തിളങ്ങാൻ സാധിച്ചിട്ടില്ല. പരിക്കും ഫോമില്ലായ്മയും നിരന്തരം അലട്ടി കൊണ്ടിരിക്കുന്ന താരമാണ് ഹസാർഡ്. ഈ സീസണിൽ റയലിന് വേണ്ടി പത്ത് മത്സരങ്ങൾ മാത്രം കളിച്ച താരം ആകെ നേടിയത് രണ്ട് ഗോളുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *