അതൊരു വലിയ വെല്ലുവിളിയാകും :ടുഷേലിന് കാഴ്സ്ലിയുടെ മുന്നറിയിപ്പ്
ഇന്നലെ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് വമ്പൻമാരായ ഇംഗ്ലണ്ട് സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അവർ അയർലാൻഡിനെ തോൽപ്പിച്ചിട്ടുള്ളത്. 5 വ്യത്യസ്ത താരങ്ങളാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോളുകൾ നേടിയിട്ടുള്ളത്. സൂപ്പർ താരം ജൂഡ് ബെല്ലിങ്ങ്ഹാം മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ ഇംഗ്ലണ്ടിന്റെ താൽക്കാലിക പരിശീലകനായ ലീ കാഴ്സ്ലിയുടെ ജോലി അവസാനിച്ചിട്ടുണ്ട്. ഇനിമുതൽ തോമസ് ടുഷേലാണ് ഇംഗ്ലീഷ് ടീമിനെ പരിശീലിപ്പിക്കുക.
ഇംഗ്ലണ്ടിന്റെ അണ്ടർ 21 ടീമിന്റെ പരിശീലകനായിരുന്നു കാഴ്സ്ലി.അദ്ദേഹം ആ ജോലിയിലേക്ക് തന്നെ മടങ്ങും. അടുത്ത മാർച്ച് മാസത്തിലായിരിക്കും ടുഷേലിന് കീഴിൽ ഇംഗ്ലണ്ട് ആദ്യ മത്സരം കളിക്കുക. എന്നാൽ അതിനു മുന്നോടിയായി ഒരു മുന്നറിയിപ്പ് ഇപ്പോൾ കാഴ്സ്ലി ടുഷേലിന് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ സ്ക്വാഡ് തിരഞ്ഞെടുക്കുക എന്നത് വലിയ വെല്ലുവിളിയാകും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇന്നലത്തെ മത്സര ശേഷം കാഴ്സ്ലി പറഞ്ഞത് ഇപ്രകാരമാണ്.
“ഒരു എലൈറ്റ് കോച്ചിനെ അർഹിക്കുന്ന ജോലിയാണ് ഇത്.ഒരുപാട് ട്രാക്ക് റെക്കോർഡുള്ള ഒരു പരിശീലകൻ വേണം.ടുഷേൽ അത്തരത്തിലുള്ള ഒരു പരിശീലകനാണ്.ബോണസായ കാര്യം എന്തെന്നാൽ ഞങ്ങൾ താരങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട് എന്നതാണ്. അതുകൊണ്ടുതന്നെ അടുത്ത തവണ സ്ക്വാഡിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുക എന്നത് വലിയ ഒരു വെല്ലുവിളി തന്നെയായിരിക്കും.വളരെ എക്സൈറ്റിംഗ് ആയ ഒരു സമയമാണ് കാത്തിരിക്കുന്നത്.നേഷൻസ് ലീഗിൽ നിന്നും പ്രമോഷൻ നേടുക എന്നത് മാത്രമല്ല. മറിച്ച് താരങ്ങളുടെ കാര്യത്തിൽ കൂടി നമ്മൾ ശ്രദ്ധ നൽകേണ്ടതുണ്ട്. പല താരങ്ങളും ഇപ്പോൾ മികച്ച പ്രകടനം നടത്തുന്നുണ്ട് “ഇതാണ് ഇംഗ്ലണ്ടിന്റെ താൽക്കാലിക പരിശീലകൻ പറഞ്ഞിട്ടുള്ളത്.
യുവേഫ നേഷൻസ് ലീഗ് ബിയിലാണ് ഇപ്പോൾ ഇംഗ്ലണ്ട് കളിച്ചു കൊണ്ടിരിക്കുന്നത്.അതിൽനിന്നും അവർക്ക് പ്രമോഷൻ നേടേണ്ടതുണ്ട്.യൂറോ കപ്പിന് ശേഷമായിരുന്നു സൗത്ത് ഗേറ്റിന് പരിശീലക സ്ഥാനം നഷ്ടമായത്. തുടർന്നാണ് ഇതുവരെ കാഴ്സ്ലി ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ചത്.