അഡമ ട്രവോറക്ക് കോവിഡ് പോസിറ്റീവ്, സ്പെയിനിന് വേണ്ടി കളിക്കില്ല !

വോൾവ്സിന്റെ സ്പാനിഷ് സൂപ്പർ താരം അഡമ ട്രവോറക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്റർനാഷണൽ ഡ്യൂട്ടിയിൽ സ്പെയിൻ ടീമിനോടൊപ്പം ചേരുന്നതിന്റെ മുമ്പ് നടത്തിയ പരിശോധനയിലാണ് താരത്തിന്റെ പരിശോധനഫലം പോസിറ്റീവ് ആയത്. ലാസ് റോസാസിൽ നടക്കുന്ന പരിശീലനത്തിന് മുന്നോടിയായാണ് സ്പെയിൻ ടീം പരിശോധന നടത്തിയത്. ഇതിലാണ് ട്രവോറക്ക് പോസിറ്റീവ് സ്ഥിരീകരിച്ചത്. താരത്തെ കൂടാതെ മറ്റൊരു താരത്തിനും പോസിറ്റീവ് ആയിരുന്നു. മികേൽ ഒയാർസബാൽ എന്ന താരത്തിനാണ് പോസിറ്റീവ് ആയത്. ഇതിനാൽ തന്നെ യുവേഫയുടെ സുരക്ഷാപ്രോട്ടോകോൾ അനുസരിച്ച് ഇരുവർക്കും സ്പെയിൻ ടീമിനൊപ്പം ചേരാനാവില്ല.

എന്നാൽ ട്രവോറക്ക് ഒരു അവസരം കൂടിയുണ്ട്. ചൊവ്വാഴ്ച നടക്കുന്ന പരിശോധനയിൽ ഫലം നെഗറ്റീവ് ആയാൽ താരത്തിന് സ്പെയിൻ ടീമിനൊപ്പം ചേരാൻ സാധിക്കും. ഈ സെപ്റ്റംബറിൽ നടക്കുന്ന യുവേഫ നേഷൻസ് ലീഗിൽ ജർമ്മനി, ഉക്രൈൻ എന്നീ ടീമുകൾക്കെതിരെയാണ് സ്പെയിൻ കളിക്കുന്നത്. താരത്തിന് കോവിഡ് ആയെങ്കിലും യുവേഫയുടെ സുരക്ഷാമാനദണ്ഡങ്ങൾ അനുസരിച്ചു കൊണ്ട് പരിശീലനം നടത്താൻ സ്പെയിൻ ടീമിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇരുപത്തിനാലുകാരനായ താരത്തെ സംബന്ധിച്ചെടുത്തോളം ഇത് മറ്റൊരു തിരിച്ചടിയാണ്. മുമ്പ് നവംബറിൽ സ്പെയിൻ ടീമിനെ വിളിച്ചിരുന്നുവെങ്കിലും പരിക്ക് മൂലം താരത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. നിലവിൽ യൂറോപ്പിൽ കോവിഡ് വീണ്ടും ശക്തിപ്രാപിക്കുന്നതായാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *