അട്ടിമറി തോൽവിയേറ്റുവാങ്ങി സ്പെയിൻ, പിന്നിൽ നിന്നും സമനില പിടിച്ചു വാങ്ങി ജർമ്മനി !

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ സ്പെയിനിന് അട്ടിമറി തോൽവി. എതിരാളികളായ ഉക്രൈനാണ് സ്പെയിനിനെ ഒരു ഗോളിന് നാണംകെടുത്തി വിട്ടത്. മത്സരത്തിന്റെ 76-ആം മിനിറ്റിൽ ഉക്രൈൻ താരം വിക്റ്റർ സിഗൻകോവ് നേടിയ ഗോളാണ് ഉക്രൈന് വിജയം കൈവരിക്കാൻ സഹായകമായത്. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗോൾ നേടാനാവാതെ പോയതാണ് സ്പെയിനിന് വിനയായത്. ഉക്രൈൻ ഗോൾകീപ്പർ ജോർജ് ബുഷാന്റെ മിന്നുന്ന പ്രകടനവും സ്പെയിനിന് വിലങ്ങുതടിയാവുകയായിരുന്നു. അൻസു ഫാറ്റി, റോഡ്രിഗോ, ട്രവോറ എന്നിവരായിരുന്നു സ്പെയിനിന്റെ മുന്നേറ്റനിരയെ നയിച്ചത്. പക്ഷെ ഉക്രൈൻ വലയെ ഭേദിക്കാൻ ഇവർക്ക്‌ കഴിഞ്ഞില്ല. ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ച സ്പെയിൻ ഗോളടിക്കാൻ മറക്കുകയായിരുന്നു. തോൽവി വഴങ്ങിയെങ്കിലും ഗ്രൂപ്പിൽ ഒന്നാമതാണ് സ്പെയിൻ. നാലു മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് സ്പെയിനിന്റെ സമ്പാദ്യം.

അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ജർമ്മനിക്ക്‌ സമനില കുരുക്ക്. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് 3-3 എന്ന സ്കോറിന് ജർമ്മനി സ്വിറ്റ്സർലാന്റിനോട്‌ സമനില പിടിച്ചു വാങ്ങിയത്. ആദ്യ മുപ്പതു മിനുട്ടുകൾക്കുള്ളിൽ തന്നെ ജർമ്മനി രണ്ട് ഗോളുകൾ വഴങ്ങി കഴിഞ്ഞിരുന്നു. മരിയോ ഗാവ്രനോവിച്ച്, റെമോ ഫ്രൂളർ എന്നിവരായിരുന്നു ഈ ഗോളുകൾ നേടിയത്. എന്നാൽ 28-ആം മിനിറ്റിൽ ടിമോ വെർണറും 55-ആം മിനുട്ടിൽ കായ്‌ ഹാവേർട്സും ജർമ്മനിക്ക്‌ വേണ്ടി വലകുലുക്കി സമനിലയാക്കി കൊടുത്തു. എന്നാൽ 57-ആം മിനുട്ടിൽ ഗാവ്രനോവിച്ച് വീണ്ടും വലകുലുക്കി. പക്ഷെ ഇത്തവണ ടിമോ വെർണറുടെ പാസിൽ നിന്ന് ഗ്നാബ്രി കൂടി ഗോൾ കണ്ടെത്തിയതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് കേവലം ആറു പോയിന്റുകൾ മാത്രമാണ് ജർമ്മനിയുടെ സമ്പാദ്യം. ഒരു ജയവും മൂന്ന് സമനിലയുമാണ് ഇതുവരെ ജർമ്മൻ പട നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *