അടി തുടങ്ങിവച്ചത് സുവാരസ്, എന്നാൽ പ്രശ്നക്കാർ കൊളംബിയക്കാരാണെന്ന് താരം!
കോപ്പ അമേരിക്കയിൽ നടന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ ഉറുഗ്വക്ക് തോൽവി രുചിക്കേണ്ടി വന്നിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് കൊളംബിയയാണ് അവരെ തോൽപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 10 പേരുമായാണ് കൊളംബിയ കളിച്ചത്. എന്നിട്ടും ഉറുഗ്വയുടെ വെല്ലുവിളി അതിജീവിച്ചുകൊണ്ട് ഫൈനലിൽ എത്താൻ അവർക്ക് കഴിഞ്ഞു. എന്നാൽ മത്സരശേഷം പൊരിഞ്ഞ അടിയാണ് കളിക്കളത്തിലും സ്റ്റേഡിയത്തിലും നടന്നത്. യഥാർത്ഥത്തിൽ ഇതിനെല്ലാം തുടക്കം കുറിച്ചത് സൂപ്പർ താരം ലൂയിസ് സുവാരസാണ്.
സുവാരസിനോടൊപ്പം ഗ്രിമിയോയിൽ ഒരുമിച്ച് കളിച്ച കൊളംബിയൻ താരമാണ് മിഗേൽ ബോർഹ. എന്നാൽ മത്സരശേഷം സുവാരസ് ഈ താരത്തെ പ്രകോപിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കഴുത്തിൽ സുവാരസ് കടിക്കാൻ വേണ്ടി ഒരുങ്ങുകയും ചെയ്തിരുന്നു. പക്ഷേ അതിന് മുതിരാതെ താരം അതിൽ നിന്നും പിൻവാങ്ങുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പക്ഷേ അതേ തുടർന്നാണ് അവിടെ ഉറുഗ്വൻ താരങ്ങളും കൊളംബിയൻ താരങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. പിന്നീട് ഈ ആക്രമണം സ്റ്റേഡിയത്തിലേക്ക് മാറി.ഉറുഗ്വൻ താരങ്ങൾ സ്റ്റേഡിയത്തിലേക്ക് കയറി ആക്രമണങ്ങളിൽ പങ്കെടുത്തതൊക്കെ ഇപ്പോൾ വലിയ വിവാദമായിട്ടുണ്ട്.
എന്നാൽ മത്സരശേഷം കൊളംബിയൻ താരങ്ങൾക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് സുവാരസ് രംഗത്ത് വന്നിട്ടുണ്ട്.കൊളംബിയൻ താരങ്ങൾ എപ്പോഴും പ്രശ്നക്കാരാണ് എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.സുവാരസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എന്നെ ഏറ്റവും കൂടുതൽ അസ്വസ്ഥപ്പെടുത്തിയത് അവരുടെ പരിഹാസമാണ്.എപ്പോഴും അവർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പരിഹസിച്ചുകൊണ്ട് ചിരിക്കുന്നു,തെറി വിളിക്കുന്നു. അവരുടെ സെലിബ്രേഷൻ ഞങ്ങളെ തീർത്തും അപഹാസപ്പെടുത്തുന്നതായിരുന്നു. ഞങ്ങൾ ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടാണ് വരുന്നത്. എന്നാൽ മത്സരശേഷം ഞങ്ങൾ ആരും തന്നെ ബ്രസീലിയൻ താരങ്ങളെ പരിഹസിച്ചിരുന്നില്ല.പക്ഷേ കൊളംബിയക്കാർ അങ്ങനെയല്ല. അവർ ഞങ്ങളുമായി പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് മുതിർന്നത് ” ഇതാണ് സുവാരസ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുള്ളത്.
ഏതായാലും കോൺമെബോൾ ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അവർ തന്നെ അറിയിച്ചിട്ടുണ്ട്.ഉറുഗ്വയും കാനഡയും തമ്മിൽ മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള ഒരു മത്സരം കളിക്കുന്നുണ്ട്. വരുന്ന ഞായറാഴ്ച പുലർച്ചെയാണ് ആ മത്സരം നടക്കുക.