അടി, തിരിച്ചടി, ഗോൾ മഴ പെയ്ത മത്സരത്തിൽ ക്രോയേഷ്യയെ തകർത്ത് സ്പെയിൻ!

ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്പെയിനിന് വിജയം. ക്രോയേഷ്യയെ 5-3 എന്ന സ്കോറിനാണ് സ്പെയിൻ പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്ത് 3-3 എന്ന സ്‌കോറിൽ മത്സരം അവസാനിച്ചതിനാൽ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു. എന്നാൽ രണ്ട് ഗോളുകൾ കൂടി നേടിക്കൊണ്ട് സ്പെയിൻ ജയം കരസ്ഥമാക്കുകയും ക്വാർട്ടറിൽ പ്രവേശിക്കുകയുമായിരുന്നു. ആരാധകരെ ആവേശത്തിന്റെ മുൾ മുനയിൽ നിർത്തി ഒടുവിൽ ക്രോയേഷ്യ കീഴടങ്ങുകയാണ് ചെയ്തത്. ക്വാർട്ടറിൽ സ്വിറ്റ്സർലാന്റ് ആണ് സ്പെയിനിന്റെ എതിരാളികൾ.

മത്സരത്തിന്റെ ഇരുപതാം മിനുട്ടിൽ സ്പെയിൻ ആണ് ആദ്യഗോൾ വഴങ്ങുന്നത്. പെഡ്രി നൽകിയ ബാക്ക് പാസ് ഗോൾ കീപ്പർ സിമോണിന് നിയന്ത്രിക്കാനാവാതെ വന്നതോടെ സെൽഫ് ഗോളാവുകയായിരുന്നു.എന്നാൽ 38-ആം മിനിറ്റിൽ സറാബിയ സമനില ഗോൾ കണ്ടെത്തി.57-ആം മിനുട്ടിലാണ് ആസ്പിലിക്യൂട്ടയുടെ ഗോൾ വരുന്നത്.77-ആം മിനുട്ടിൽ ഫെറാൻ ടോറസും ഗോൾ കണ്ടെത്തിയതോടെ സ്പെയിൻ 3-1 വിജയമുറപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ പിന്നീട് ക്രോയേഷ്യയുടെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്.85-ആം മിനിറ്റിൽ ഒർസിച്ച് ഗോൾ കണ്ടെത്തി.92-ആം മിനുട്ടിൽ പസലിച്ച് ഗോൾ കണ്ടതോടെ മത്സരം 3-3 എന്ന സ്കോറിലായി. ഇതോടെ എക്സ്ട്രാ ടൈമിലേക്ക് മത്സരം നീണ്ടു.100-ആം മിനിറ്റിൽ ഒരു തകർപ്പൻ ഷോട്ടിലൂടെ ഗോൾ നേടിക്കൊണ്ട് അൽവാരോ മൊറാറ്റ സ്പെയിനിന്റെ ലീഡുയർത്തി.103-ആം മിനുട്ടിൽ ഒയർസബാൽ കൂടി ഗോൾ നേടിയതോടെ ക്രോയേഷ്യയുടെ പോരാട്ടം അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *