അഞ്ഞൂറിലധികം ഗോളുകൾ,പുതിയ ഗർനാച്ചോയെ കണ്ടെത്തി അർജന്റീന
അർജന്റീനയുടെ അണ്ടർ 20 ടീം ഇപ്പോൾ കോട്ടിഫ് കപ്പിലാണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ഇന്ന് നടന്ന മത്സരത്തിൽ ADH ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു. രണ്ട് തവണ കോട്ടിഫ് കപ്പിന്റെ ഫൈനലിൽ എത്തിയവരാണ് അർജന്റീന.ഈ ടൂർണമെന്റിനുള്ള അണ്ടർ 20 ടീമിനെ പരിശീലകനായ ഡിയഗോ പ്ലസന്റെ പ്രഖ്യാപിച്ചിരുന്നു. അതിൽ ഇടം നേടാൻ 18 കാരനായ അലക്സ് വോയ്‌സ്ക്കിക്ക് സാധിച്ചിരുന്നു.
പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് ഈ താരത്തെ വിശേഷിപ്പിച്ചത് പുതിയ ഗർനാച്ചോ എന്നാണ്. അതായത് സ്പെയിനിൽ ജനിച്ച് അർജന്റീനയെ തിരഞ്ഞെടുത്തവനാണ് ഗർനാച്ചോ. അത് വഴി തന്നെയാണ് ഇപ്പോൾ അലക്സും സ്വീകരിച്ചിരിക്കുന്നത്. സ്പെയിനിലെ മയോർക്കയിലാണ് അലക്സ് ജനിച്ചിട്ടുള്ളത്.അച്ഛൻ സ്പാനിഷാണെങ്കിലും അമ്മ അർജന്റീനക്കാരിയാണ്.അർജന്റീനയോടുള്ള ഇഷ്ടം കൊണ്ട് ഇദ്ദേഹം അർജന്റീനയെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
സെന്റർ സ്ട്രൈക്കർ പൊസിഷനിലാണ് ഈ താരം കളിക്കുന്നത്.ഇദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി ഇറ്റലിയും അമേരിക്കയും ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ താരം അർജന്റീനയെ തിരഞ്ഞെടുക്കുകയായിരുന്നു. സ്പാനിഷ് ക്ലബ്ബായ മയ്യോർക്കയിലൂടെ വളർന്ന താരമാണ് ഇദ്ദേഹം. അവരുടെ അണ്ടർ 19 ടീമിനു വേണ്ടിയാണ് താരം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ മയ്യോർക്കയുടെ യൂത്ത് ടീമുകൾക്ക് വേണ്ടി 500ലധികം ഗോളുകൾ ഈ താരം സ്വന്തമാക്കിയിട്ടുണ്ട്.ഇതോടുകൂടിയാണ് അദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റുന്നത്.
മയ്യോർക്കയുടെ സീനിയർ ടീമിന് വേണ്ടി അരങ്ങേറാൻ കഴിഞ്ഞിട്ടില്ലെങ്കിലും സ്‌ക്വാഡിൽ ഇടം നേടുകയും അവരോടൊപ്പം പരിശീലനം നടത്തുകയും ചെയ്തിരുന്നു. ആദ്യമായി ഇദ്ദേഹത്തെ അർജന്റീന ടീമിലേക്ക് തിരഞ്ഞെടുത്തത് ഹവിയർ മശെരാനോയായിരുന്നു. അർജന്റീനയുടെ പരിശീലകനായ സ്‌കലോണി മയ്യോർക്കയുടെ അക്കാദമി സന്ദർശിച്ച സമയത്ത് ഈ താരവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു ദിവസം നിങ്ങൾക്ക് എന്നെ അർജന്റീനയുടെ സീനിയർ ടീമിലെ ജേഴ്സിയിൽ കാണാം എന്നായിരുന്നു അലക്സ് സ്‌കലോണിയോട് പറഞ്ഞിരുന്നത്. ഏതായാലും അർജന്റീനയുടെ ഒരു ഭാവി പ്രതീക്ഷയാണ് അലക്സ് വോയ്‌സ്ക്കി എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.