അഞ്ച് ദിവസത്തിനിടെ മൂന്ന് ഗോൾ, വീണ്ടും അത്ഭുതമായി എൻഡ്രിക്ക്!

ഈ ഇന്റർനാഷണൽ ബ്രേക്കിൽ ബ്രസീലിന് വേണ്ടി തിളങ്ങിയ യുവ പ്രതിഭയാണ് എൻഡ്രിക്ക്.കേവലം 17 വയസ്സ് മാത്രമുള്ള താരം ഇംഗ്ലണ്ടിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ ബ്രസീലിനു വേണ്ടി ഗോൾ നേടുകയായിരുന്നു. ആ ഗോളാണ് ബ്രസീലിനെ വിജയം നേടിക്കൊടുത്തത്. ആ ഗോൾ നേട്ടത്തോടുകൂടി രണ്ട് റെക്കോർഡുകൾ എൻഡ്രിക്ക് സ്വന്തമാക്കിയിരുന്നു.

പ്രശസ്തമായ വെമ്പ്ലി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് എൻഡ്രിക്ക് സ്വന്തമാക്കി.മാത്രമല്ല ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരം എന്ന റെക്കോർഡും താരം കൈക്കലാക്കി.പെലെ, റൊണാൾഡോ നസാരിയോ തുടങ്ങിയ ഇതിഹാസങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ ഉള്ളത്. ഇതിനുശേഷം നടന്ന സൗഹൃദ മത്സരത്തിൽ ബ്രസീൽ സ്പെയിനിനോട് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതമാണ് നേടിയത്.സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന മത്സരത്തിൽ എൻഡ്രിക്കും ഗോൾ കണ്ടെത്തിയിരുന്നു.

തകർപ്പൻ ഷോട്ടിലൂടെയാണ് ഇദ്ദേഹം സ്പാനിഷ് ഗോൾ വല കുലുക്കിയത്. അങ്ങനെ ഈ രണ്ട് മത്സരങ്ങളും അവിസ്മരണീയമാക്കിയ താരം ബ്രസീലിലേക്ക് മടങ്ങിയ ഉടനെ തൊട്ടടുത്ത മത്സരം കളിക്കുകയായിരുന്നു. തന്റെ ക്ലബ്ബായ പാൽമിറാസിന് വേണ്ടി പൗളിസ്റ്റ A1 എന്ന ടൂർണമെന്റിൽ താരം പന്ത് തട്ടി. സെമി ഫൈനൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് പാൽമിറാസ് എതിരാളികളായ നൊവോറിസോന്റിനോയെ പരാജയപ്പെടുത്തിയത്. ആ ഗോൾ നേടിയത് മറ്റാരുമല്ല.എൻഡ്രിക്ക് തന്നെയാണ്.

മത്സരത്തിന്റെ 53ആം മിനിട്ടിലാണ് അദ്ദേഹത്തിന്റെ കിടിലൻ ഫിനിഷിംഗ് കണ്ടത്. ഈ ഗോൾ പാൽമിറാസിനെ ഫൈനലിൽ എത്തിക്കുകയും ചെയ്തു. കലാശ പോരാട്ടത്തിൽ സാന്റോസിനെയാണ് പാൽമിറാസ് നേരിടുക. ഏതായാലും എൻഡ്രിക്കിന്റെ ഗോളടി മികവ് ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. 5 ദിവസത്തിനിടെ രണ്ട് ഭൂഖണ്ഡങ്ങളിലായി മൂന്ന് ഗോളുകളാണ് ഈ താരത്തിന്റെ ബൂട്ടിൽ നിന്നും പിറന്നിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *