സുനിൽ ഛേത്രിയുടെ പിൻഗാമിയാവാൻ സഹലിന് കഴിയുമെന്ന് ബൈചൂങ് ബൂട്ടിയ

സുനിൽ ഛേത്രിയുടെ വിരമിക്കലിന് ശേഷം താരത്തിന്റെ സ്ഥാനം വഹിക്കാൻ കെൽപ്പുള്ള താരമാണ് സഹൽ അബ്ദു സമദ് എന്ന് മുൻ ഇന്ത്യൻ സൂപ്പർ താരം ബൈചൂങ് ബൂട്ടിയ. കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീഗുമായുള്ള ഇൻസ്റ്റാഗ്രാം ലൈവിലാണ് ബൂട്ടിയ സഹലിനെ കുറിച്ച് മനസ്സ് തുറന്നത്. ഛേത്രിയെ പോലെ ഗോൾനേടാൻ കഴിയുന്ന ഒരു മിഡ്ഫീൽഡറാവാൻ സഹലിന് കഴിയുമെന്നും കുറച്ചു കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ ഛേത്രിയുടെ പിൻഗാമിയാവാനും കഴിവുള്ളവനാണ് സഹലെന്നും ബൂട്ടിയ അഭിപ്രായപ്പെട്ടു. ഐഎസ്എൽ ഇന്ത്യൻ ഫുട്ബോളിനെ ഒരുപാട് സഹായിക്കുന്നുണ്ടെന്നും ഒരുപാട് ഇന്ത്യൻ താരങ്ങൾക്ക് അവസരങ്ങൾ ഒരുക്കാൻ ഐഎസ്എല്ലിന് കഴിയുന്നുണ്ടെന്നും ബൂട്ടിയ പറഞ്ഞു.

” ഗോൾ സ്കോറിങ്ങിന്റെ കാര്യത്തിൽ സഹൽ കൂടുതൽ ഫിറ്റ്‌ ആവുന്ന താരമാണ്. അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ കൂടുതൽ ലിങ്ക് അപ്പായി കളിക്കാൻ താരത്തിന് കളിക്കാൻ കഴിയുന്നുണ്ട്. അദ്ദേഹത്തിന് ഷോട്ടുകൾ എടുക്കുക വഴി ഗോൾ നേടാനുള്ള ഒരു ആത്മവിശ്വാസം മാത്രമാണ് ഇനി ലഭിക്കാനുള്ളത്. സഹൽ ഗോൾ നേടി തുടങ്ങിയാൽ, തീർച്ചയായും മികച്ച ഒരു ഗോൾ സ്‌കോറർ ആവാൻ താരത്തിന് കഴിയും. അദ്ദേഹത്തിന് സുനിൽ ഛേത്രിയുടെ സ്ഥാനം ഏറ്റെടുക്കാൻ കഴിയും. തീർച്ചയായും ഇന്ത്യയുടെ ഭാവി സൂപ്പർ താരമാണ് ” ബൈചൂങ് ബൂട്ടിയ പറഞ്ഞു. സുനിൽ ഛേത്രിക്ക് ശേഷം ടീമിന്റെ നായകനാവാനുള്ള യോഗ്യത രണ്ടു പേർക്കാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സന്ദേശ് ജിങ്കൻ, ഗുർപ്രീത് സിംഗ് എന്നിവരിൽ ഒരാളാണ് ഭാവിയിൽ ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *