പ്രതിഷേധം ശക്തം, മുംബൈ സിറ്റിയുടെ ബസ് തടഞ്ഞു!

ISL ഏഴാം സീസൺ നാളെ തുടങ്ങാനിരിക്കെ ഗോവയിൽ ഒരു വിഭാഗം പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ്. ISLൽ ഗോവയിലെ പ്രാദേശിക ട്രേഡർ മാർക്ക് ഗുണകരമാവുന്ന രൂപത്തിൽ കാര്യങ്ങൾ നടക്കണമെന്ന ആവശ്യവുമായി ഗോവ പ്രദേശ് കോൺഗ്രസ് പ്രവർത്തകരാണ് രംഗത്തുള്ളത്. ട്രാൻസ്പ്പോർട്ടേഷൻ അടക്കമുള്ള കാര്യങ്ങളിൽ ഗോവയിലുള്ളവർക്ക് കോൺട്രാക്ട് നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. പ്രതിഷേധത്തിൻ്റെ ഭാഗമായി ഇന്നലെ അവർ മുംബൈ സിറ്റി FCയുടെ ടീം ബസ് തടഞ്ഞു. തുടർന്ന് താരങ്ങൾക്ക് ബസിൽ നിന്നും പുറത്തിറങ്ങാനാവാത്ത സാഹചര്യമുണ്ടായി. നഗോവ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപമാണ് സംഭവമുണ്ടായത്. ഇവിടെയാണ് മുംബെ സിറ്റി ട്രൈനിംഗ് നടത്തുന്നത്.

ഗോവക്ക് പുറത്ത് നിന്നുള്ള വാഹനങ്ങൾ ISL ട്രാൻസ്പോർട്ടേഷനായി ഉപയോഗിക്കുന്നതിൽ പ്രതിഷേധക്കാർക്ക് എതിർപ്പുണ്ട്. ഇന്നലെ തടഞ്ഞ മുംബൈ സിറ്റി ടീം ബസ് ഉത്തർ പ്രദേശിൽ രജിസ്റ്റർ ചെയ്തതാണ്. ഒപ്പം തടയപ്പെട്ട ഇന്നോവക്ക് ഡൽഹി രജിസ്ട്രേഷനാണുള്ളത്. പ്രതിഷേധം നയിച്ച ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് സങ്കൽപ് അമോങ്കർ പറഞ്ഞതിങ്ങനെ: ” ഞങ്ങളിന്ന് ബസ് തടഞ്ഞ് കളിക്കാരെ പുറത്തിറങ്ങാൻ അനുവദിക്കാതെ പ്രതിഷേധിച്ചു. ഈ ബസ് ഉത്തർ പ്രദേശിൽ രജിസ്റ്റർ ചെയ്തതാണ്. അത് തിരിച്ചയച്ചു, ടീമിനെ ഇന്ന് പരിശീലനം നടത്താൻ അനുവദിക്കില്ല. ഞങ്ങളുടെ ആവശ്യം ഇത്രമാത്രമാണ്, ഗോവയിൽ ഇത്ര വലിയ ഒരു ഇവൻ്റ് നടക്കുമ്പോൾ ഗോവക്കാർക്ക് എന്തുകൊണ്ടാണ് അതിൻ്റെ ബിസിനസ് ലഭിക്കാത്തത്? അത് ലഭിച്ചേ പറ്റൂ” . ഏതായാലും ഒരു മാസമായി തുടരുന്ന പ്രതിഷേധമാണ് ഇപ്പോൾ ടീം ബസ്സ് തടയലിലേക്ക് എത്തിയിരിക്കുന്നത്. ഇന്ന് ISLഅധികൃതരും പ്രതിഷേധക്കാരും തമ്മിൽ ചർച്ചയുണ്ട് എന്നാണ് GPCC വൈസ് പ്രസിഡൻ്റ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *