ചിലപ്പോൾ സ്കൂൾപിള്ളേരെ പോലെ കളിക്കുന്നു, ഈസ്റ്റ്‌ ബംഗാൾ താരങ്ങൾക്ക്‌ പരിശീലകന്റെ വിമർശനം !

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഈസ്റ്റ്‌ ബംഗാളിനെ തോൽപ്പിച്ചത്. മുപ്പത്തിമൂന്നാം മിനുട്ടിൽ സുർചന്ദ്രസിംഗ് വഴങ്ങിയ സെൽഫ് ഗോളും തൊണ്ണൂറാം മിനിറ്റിൽ റോച്ചർസെല നേടിയ ഗോളുമാണ് ഈസ്റ്റ്‌ ബംഗാളിന് തോൽവി സമ്മാനിച്ചത്. കളിച്ച മൂന്ന് മത്സരങ്ങളിൽ മൂന്നിലും ഈസ്റ്റ്‌ ബംഗാൾ പരാജയം രുചിച്ചു കഴിഞ്ഞു. മത്സരശേഷം സ്വന്തം താരങ്ങൾക്കെതിരെയും റഫറിക്കെതിരെയും വിമർശനം ഉന്നയിച്ചിരിക്കുകയാണ് പരിശീലകൻ റോബി ഫൗളർ. ഈസ്റ്റ്‌ ബംഗാളിന് ലഭിക്കേണ്ട രണ്ടോളം പെനാൽറ്റികൾ റഫറി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് VAR സംവിധാനം ഐഎസ്എല്ലിൽ ഉപയോഗിക്കണമെന്ന ആവിശ്യവുമായി ഇദ്ദേഹം രംഗത്ത് വന്നത്. കൂടാതെ സ്വന്തം താരങ്ങളുടെ പ്രകടനവും മോശമായിരുന്നുവെന്ന് ഇദ്ദേഹം പ്രസ്താവിച്ചു. ചില സമയങ്ങളിൽ പ്രതിരോധനിര സ്കൂൾ പിള്ളേരെ പോലെയാണ് കളിച്ചത് എന്നാണ് മുൻ ലിവർപൂൾ താരം കൂടിയായ ഫൗളർ പറഞ്ഞത്.

” രണ്ട് പെനാൽറ്റികൾ ഞങ്ങൾക്ക്‌ ലഭിക്കേണ്ടതായിരുന്നു. തീർച്ചയായും അത്‌ രണ്ടും വ്യക്തമായി പെനാൽറ്റി തന്നെയായിരുന്നു. ഐഎസ്എല്ലിൽ VAR സംവിധാനം ഏർപ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം. റഫറിമാർക്ക് സഹായം ആവിശ്യമാണ്. ബുദ്ധിമുട്ടേറിയ ജോലിയാണ് റഫറിമാർ ചെയ്യുന്നത് ” ഫൗളർ തുടർന്നു. “ഞങ്ങളുടെ മോശം പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇന്നത്തേത്. ഫൈനൽ തേഡിൽ പലപ്പോഴും ഒരു ഊർജ്ജത്തിന്റെ അഭാവം നിഴലിച്ചു കണ്ടിരുന്നു. വളരെ നിസാരമായി കൊണ്ടാണ് ഞങ്ങൾ ഗോളുകൾ വഴങ്ങിയത്. ടീം എന്ന നിലയിൽ ഞങ്ങൾ മികച്ചതായിരുന്നു. എന്നാൽ ചിലപ്പോൾ പ്രതിരോധനിര സ്കൂൾപിള്ളേരെ പോലെയാണ് കളിച്ചിരുന്നത്. നിങ്ങൾ ഒരു പ്രൊഫഷണൽ ഫുട്ബോൾ താരമാകുമ്പോൾ നിങ്ങളുടെ പങ്ക് എന്താണ് എന്ന കാര്യം നിങ്ങൾ മനസ്സിലാക്കണം. ഞങ്ങൾ കഠിനമായി പരിശീലനം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത് ” ഈസ്റ്റ്‌ ബംഗാൾ പരിശീലകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *