ഹാലണ്ടിന് ലഭിച്ച ആറ് ഓഫറുകളിലൊന്ന് പിഎസ്ജിയുടേത്,ഈ ആഴ്ച്ച തന്നെ തീരുമാനമുണ്ടാവും?

കഴിഞ്ഞ യൂറോപ്പ ലീഗ് മത്സരത്തിൽ റേഞ്ചേഴ്സിനോട് പരാജയപ്പെട്ടു കൊണ്ട് വമ്പൻമാരായ ബോറൂസിയ പുറത്തായിരുന്നു.അത്കൊണ്ട് തന്നെ സൂപ്പർതാരമായ എർലിംഗ് ഹാലണ്ട് തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാനുള്ള ഒരുക്കത്തിലാണ്.ഉടൻ തന്നെ അദ്ദേഹം തന്റെ ഏജന്റായ മിനോ റയോളയുമായി ചർച്ചകൾ നടത്തുമെന്നും ഈ ആഴ്ച്ച തന്നെ തീരുമാനം കൈക്കൊള്ളുമെന്നുമാണ് അറിയാൻ കഴിയുന്നത്. പ്രമുഖ മാധ്യമമായ കഡേന സെർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എത്രയും പെട്ടെന്ന് ഭാവിയെ കുറിച്ച് തീരുമാനമെടുക്കാൻ ബോറൂസിയ ഹാലണ്ടിൽ നേരത്തെ തന്നെ സമ്മർദം ചെലുത്തിയിരുന്നു. ക്ലബ്ബ് വിടുമോ ഇല്ലയോ എന്നുള്ള തീരുമാനമായിരിക്കും ഉടനെ തന്നെ ഹാലണ്ട് ബോറൂസിയയെ അറിയിക്കുക.താരത്തിന്റെ തീരുമാനത്തെ ഫുട്ബോൾ ലോകം ഒന്നടങ്കം ആകാംക്ഷയോട് കൂടിയാണ് ഉറ്റുനോക്കുന്നത്.

നിലവിൽ ആറ് ഓഫറുകളാണ് എർലിംഗ് ഹാലണ്ടിന് ലഭിച്ചിരിക്കുന്നത്. അതിലൊന്ന് ബോറൂസിയയുടെ കരാർ നേടാൻ വേണ്ടിയുള്ള ഓഫറാണ്.പക്ഷെ ഹാലണ്ട് ഇത് സ്വീകരിക്കാൻ സാധ്യത കുറവാണ് എന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തൽ. മാഞ്ചസ്റ്റർ സിറ്റി,പിഎസ്ജി, എഫ്സി ബാഴ്സലോണ, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് എന്നിവരാണ് ഹാലണ്ടിന് ഓഫറുകൾ നൽകിയിട്ടുള്ളത്.മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് താരത്തിന് വേണ്ടി സജീവമായ രംഗത്തുള്ളത്.

അതേസമയം പിഎസ്ജി ഇപ്പോഴും താരത്തിന്റെ കാര്യത്തിൽ ത്രിശങ്കുവിലാണ്.അതായത് സൂപ്പർ താരം കിലിയൻ എംബപ്പേയുടെ തീരുമാനത്തിനു ശേഷം മാത്രമേ ഹാലണ്ടിന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം കൈക്കൊള്ളാൻ പിഎസ്ജിക്ക് സാധിക്കുകയൊള്ളൂ.എംബപ്പേ ക്ലബ്‌ വിടുകയാണെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ഹാലണ്ടിനെ എത്തിക്കാനാണ് പിഎസ്ജിയുടെ പദ്ധതി. അതുകൊണ്ടുതന്നെ എംബപ്പേയുടെ തീരുമാനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പിഎസ്ജി.പക്ഷെ ഹാലണ്ടിനെ സ്വന്തമാക്കുക എന്നുള്ളത് പിഎസ്ജിക്ക് ഒട്ടും എളുപ്പമാവില്ല.

Leave a Reply

Your email address will not be published. Required fields are marked *