സങ്കടമുണ്ട്, ഉത്തരവാദിത്വം ഞാനേൽക്കുന്നു :മാനെയുടെ കാര്യത്തിൽ ടുഷെൽ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം സാഡിയോ മാനെ ലിവർപൂൾ വിട്ടുകൊണ്ട് ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിൽ എത്തിയത്.എന്നാൽ പ്രതീക്ഷിച്ച രൂപത്തിൽ ജർമ്മനിയിൽ അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല ചില വിവാദങ്ങൾ ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ആകെ 12 ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞത്. ഇതോടെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ബയേൺ മ്യൂണിക്കിനോട് വിടപറഞ്ഞിട്ടുണ്ട്.

സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റാണ് ഈ സെനഗലീസ് സൂപ്പർതാരത്തെ സ്വന്തമാക്കിയിട്ടുള്ളത്. 35 മില്യൺ പൗണ്ട് ആണ് ബയേണിന് അൽ നസ്റിൽ നിന്നും ലഭിച്ചിട്ടുള്ളത്. ഏതായാലും ബയേണിന്റെ പരിശീലകനായ തോമസ് ടുഷെൽ ഈ വിഷയത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.മാനെ ക്ലബ്ബ് വിട്ടതിൽ സങ്കടമുണ്ടെന്നും അദ്ദേഹത്തിന് ഇവിടെ മികച്ച പ്രകടനം നടത്താൻ സാധിക്കാതെ പോയതിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു എന്നുമാണ് ടുഷെൽ പറഞ്ഞിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

“സാഡിയോ മാനെ ക്ലബ് വിട്ടതിൽ സങ്കടമുണ്ട്.ഞങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യത്തിനാണ് ഞങ്ങൾ ഇപ്പോൾ സമ്മതം നൽകിയത്.പക്ഷേ അതാണ് ഈ അവസരത്തിലെ ഏറ്റവും മികച്ച തീരുമാനം. അദ്ദേഹത്തിന് ഇവിടെ നല്ല രീതിയിൽ ബുദ്ധിമുട്ട് ഉണ്ട് എന്നത് എനിക്ക് മനസ്സിലാക്കാൻ സാധിക്കും. മാത്രമല്ല ഇക്കാര്യങ്ങളിൽ അദ്ദേഹത്തിന് വേദനയുമുണ്ട്. ഞാനും ഹാപ്പി അല്ല. അദ്ദേഹത്തിന്റെ മുഴുവൻ കഴിവും പുറത്തെടുക്കാൻ ഇവിടെ സാധിച്ചില്ല. അതിന്റെ ഉത്തരവാദിത്വം ഞാൻ ഏൽക്കുന്നു ” ഇതാണ് ബയേൺ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പമാണ് ഇനി സാഡിയോ മാനെ കളിക്കുക. മറ്റു സൂപ്പർ താരങ്ങളായ അലക്സ് ടെല്ലസ്,മാഴ്സെലോ ബ്രോസോവിച്ച് എന്നിവരും അൽ നസ്റിന്റെ താരങ്ങളാണ്. ലീഗിലെ ആദ്യ മത്സരത്തിൽ ജെറാർഡിന്റെ അൽ ഇത്തിഫാക്കാണ് അൽ നസ്റിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *