ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സെന്റർ ബാക്കുമാരെ വെളിപ്പെടുത്തി ഹാലണ്ട് !

തന്റെ ഗോളടി മികവ് കൊണ്ട് ഫുട്ബോൾ ലോകത്ത് വിസ്മയം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന യുവതാരമാണ് എർലിങ് ഹാലണ്ട്. ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടി നിറവധി ഗോളുകളാണ് കുറഞ്ഞ കാലയളവിൽ താരം നേടിയത്. ആർബി സാൽസ്ബർഗിലെ അതേ ഗോളടി തന്നെയാണ് താരം ഇപ്പോഴും ജർമ്മനിയിൽ തുടരുന്നത്. ഏതായാലും നിരവധി ക്ലബുകൾ താരത്തിന് വേണ്ടി ഇപ്പോൾ രംഗത്തുണ്ട്. അതിനിടെ ഫുട്ബോൾ ലോകത്തെ നിലവിലെ ഏറ്റവും മികച്ച മൂന്ന് സെന്റർ ബാക്കുമാർ ആരൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. റയൽ മാഡ്രിഡ്‌ നായകൻ സെർജിയോ റാമോസ്, ലിവർപൂൾ താരം വിർജിൽ വാൻ ഡൈക്ക് എന്നിവരോടൊപ്പം നാപോളി താരം കൂലിബലിയാണ് ഹാലണ്ടിന്റെ ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്. നോർവീജിയൻ മാധ്യമമായ വീജിക്ക്‌ നൽകിയ അഭിമുഖത്തിലാണ് താരം ഏറ്റവും മികച്ച ഡിഫൻഡർമാരെ തിരഞ്ഞെടുത്തത്.

” സെർജിയോ റാമോസ്, വാൻ ഡൈക്ക്, കൂലിബലി എന്നിവരാണ് ഏറ്റവും മികച്ച സെന്റർ ബാക്കുമാർ. ഈ മൂന്ന് പേരും ശാരീരികപരമായി ഏറെ മുന്നിൽ നിൽക്കുന്നവരാണ് എന്ന് മാത്രമല്ല കളത്തിനകത്തെ ബുദ്ധിവൈഭവത്തിന്റെ കാര്യത്തിലും മുൻപന്തിയിൽ തന്നെയാണ് ” നോർവീജിയൻ യുവതാരം പറഞ്ഞു.കൂടാതെ തന്റെ സഹതാരവും റയൽ മാഡ്രിഡ്‌ താരവുമായ മാർട്ടിൻ ഒഡീഗാർഡിനെ പുകഴ്ത്താനും താരം മറന്നില്ല. റയൽ മാഡ്രിഡ്‌ നോട്ടമിടുന്ന പ്രധാനതാരങ്ങളിൽ ഒരാളാണ് ഹാലണ്ട്.

Leave a Reply

Your email address will not be published. Required fields are marked *