ലെവന്റോസ്‌ക്കി മിന്നി, സൂപ്പർ കപ്പ് ബയേണിന്!
ഡിഎഫ്എൽ സൂപ്പർ കപ്പ് കിരീടം ബയേൺ സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേൺ ചിരവൈരികളായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ കീഴടക്കിയത്. ബൊറൂസിയയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ റോബർട്ട് ലെവന്റോസ്‌ക്കിയാണ് ബയേണിനെ കിരീടത്തിലേക്ക് നയിച്ചത്.ബയേണിന്റെ ശേഷിച്ച ഗോൾ തോമസ് മുള്ളർ നേടിയപ്പോൾ ബൊറൂസിയയുടെ ഏകഗോൾ മാർക്കോ റൂസിന്റെ വകയായിരുന്നു. കിരീടം നേടാനായത് ബയേൺ പരിശീലകൻ ജൂലിയൻ നഗൽസ്‌മാന് ഏറെ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.
Another year, another trophy for Bayern Munich ✨ pic.twitter.com/2Lrua3IgYD
— B/R Football (@brfootball) August 17, 2021
ബയേണിന്റെ മുന്നേറ്റ നിരയിൽ ലെവന്റോസ്‌ക്കി അണിനിരന്നപ്പോൾ മറുഭാഗത്ത് എർലിങ് ഹാലണ്ടുമുണ്ടായിരുന്നു.മത്സരത്തിന്റെ 41-ആം മിനുട്ടിലാണ് ബയേൺ ലീഡ് നേടുന്നത്.ഗ്നാബ്രിയുടെ ക്രോസിൽ നിന്ന് ഒരു തകർപ്പൻ ഹെഡറിലൂടെയാണ് ലെവന്റോസ്‌ക്കി ഗോൾ കണ്ടെത്തിയത്.പിന്നീട് 49-ആം മിനിറ്റിൽ തോമസ് മുള്ളർ ബയേണിന്റെ ലീഡുയർത്തി.എന്നാൽ 64-ആം മിനുട്ടിൽ ബൊറൂസിയ ഒരു ഗോൾ മടക്കി.ബെല്ലിങ്ഹാമിന്റെ അസിസ്റ്റിൽ നിന്ന് മാർക്കോ റൂസാണ് ഗോൾ നേടിയത്.എന്നാൽ 74-ആം മിനുട്ടിൽ ലെവന്റോസ്‌ക്കി ഒരിക്കൽ കൂടി വല കുലുക്കിയതോടെ ബയേൺ കിരീടമുറപ്പിച്ചു.