ലെവന്റോസ്‌ക്കി ബയേൺ വിടുന്നു? യാഥാർഥ്യം ഇങ്ങനെ!
ദിവസങ്ങൾക്ക് മുമ്പായിരുന്നു ബയേണിന്റെ സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവന്റോസ്‌ക്കിയെ ചുറ്റിപ്പറ്റിയുള്ള ചില അഭ്യൂഹങ്ങൾ പുറത്ത് വന്നത്. ലെവന്റോസ്‌ക്കി ബയേൺ വിടാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അത് ക്ലബ്ബിനോട് ആവിശ്യപ്പെട്ടു എന്നുമായിരുന്നു റിപ്പോർട്ടുകൾ. കൂടാതെ താരത്തിന് വേണ്ടി ബയേൺ 110 മില്യൺ പൗണ്ടിന്റെ ഒരു പ്രൈസ് ടാഗ് നിശ്ചയിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ റൂമറിനെ തീർത്തും നിരസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം. ലെവന്റോസ്‌ക്കി വിൽപ്പനക്കുള്ളതല്ലെന്നും അദ്ദേഹം ബയേണിൽ തന്നെ തുടരുമെന്നുമാണ് ഗോൾ സ്ഥിരീകരിച്ചിട്ടുള്ളത്.ഇക്കാര്യം ബയേൺ ലെവന്റോസ്‌ക്കിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ക്ലബ്ബിൽ തുടരാൻ സമ്മതിച്ചുവെന്നും ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട്.
Reports suggested Robert Lewandowski wanted to leave Germany 👀
— Goal News (@GoalNews) August 19, 2021
Goal can confirm that he is NOT for sale ❌@kerry_hau has the info 👇
നിലവിൽ 2023 വരെയാണ് ലെവന്റോസ്‌ക്കിക്ക് ബയേണുമായി കരാറുള്ളത്. യൂറോപ്പിലെ പല വമ്പൻ ക്ലബുകളും താരത്തിന് രംഗത്ത് വന്നിരുന്നു. ഒടുവിൽ ലുക്കാക്കുവിനെ സൈൻ ചെയ്യുന്നതിന് മുമ്പ് ചെൽസിയും ലെവന്റോസ്‌ക്കിയിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ താരത്തെ വിൽക്കാൻ താല്പര്യമില്ല എന്നത് തന്നെയാണ് ബയേണിന്റെ നിലപാട്.സൂപ്പർ കപ്പിൽ ഇരട്ടഗോളുകൾ നേടിക്കൊണ്ട് ബയേണിനെ കിരീടത്തിലേക്ക് എത്തിച്ചത് ലെവന്റോസ്‌ക്കിയായിരുന്നു.ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്ന ഡേവിഡ് അലാബയെ ബയേണിന് നഷ്ടമായിരുന്നത്. പക്ഷേ ലീപ്സിഗ് താരമായ ഉപമെകാനോയെ ടീമിൽ എത്തിക്കാൻ ബയേണിന് കഴിഞ്ഞിരുന്നു. കൂടാതെ പിഎസ്ജിയുടെ താരമായ തിലോ കെഹ്റർ, ലീപ്സിഗിന്റെ തന്നെ സാബിറ്റ്സർ എന്നിവരെ ബയേൺ ലക്ഷ്യം വെക്കുന്നുമുണ്ട്. അതേസമയം എന്തൊക്കെ സംഭവിച്ചാലും 33-കാരനായ ലെവന്റോസ്‌ക്കിയെ വിട്ടു നൽകാൻ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ് ബയേണിന്റെ നിലപാട്.