ലെവന്റോസ്ക്കി ബയേൺ വിടുമെന്നുറപ്പാവുന്നു,ബാഴ്സക്ക് പ്രതീക്ഷ!
ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരമായ റോബെർട്ട് ലെവന്റോസ്ക്കിയുടെ ക്ലബുമായുള്ള കരാർ അടുത്ത സീസണിലാണ് അവസാനിക്കുക. ഈ കരാർ പുതുക്കാനുള്ള ചർച്ചകൾ നടന്നുവെങ്കിലും അതൊന്നും ഇതുവരെ യാതൊരുവിധ ഫലവും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ലെവന്റോസ്ക്കി വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.
താരത്തിന്റെ കരാർ പുതുക്കാൻ ക്ലബ്ബിന് താല്പര്യമുണ്ട് എന്നുള്ളത് നേരത്തെ തന്നെ CEO ആയ ഒലിവർ ഖാൻ അറിയിച്ചിരുന്നു. ഓരോ സീസണിലും നാൽപതോളം ഗോളുകൾ നേടുന്ന താരത്തെ കൈവിടാൻ തങ്ങൾക്ക് ഭ്രാന്തില്ല എന്നായിരുന്നു ഒലിവർ ഖാൻ പറഞ്ഞിരുന്നത്. അതേസമയം ചർച്ചകൾ നടക്കുന്നുണ്ടെന്നും ഈ സാഹചര്യം തനിക്ക് ഒട്ടും എളുപ്പമല്ല എന്നുമായിരുന്നു ഇതിനോട് ലെവന്റോസ്ക്കി പ്രതികരിച്ചിരുന്നത്.
— Murshid Ramankulam (@Mohamme71783726) May 13, 2022
എന്നാൽ ഈ ചർച്ചകളിൽ ലെവന്റോസ്ക്കി തൃപ്തിപ്പെടുത്താൻ ബയേണിന് സാധിച്ചിരുന്നില്ല. ഇതോടെയാണ് താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്.എന്നാൽ ബയേൺ ലെവന്റോസ്ക്കിയെ ഈ സീസണിൽ കൈവിടുമോ അതല്ലെങ്കിൽ അടുത്ത സീസണിൽ അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടുമോ എന്നുള്ളത് വ്യക്തമല്ല.ലെവന്റോസ്ക്കിക്ക് ഒത്ത ഒരു പകരക്കാരനില്ലാത്തതാണ് നിലവിൽ ബയേണിന് തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യം.
അതേസമയം ലെവ ക്ലബ് വിടാൻ തീരുമാനിച്ചത് സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണ്. എന്തെന്നാൽ ബാഴ്സ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരങ്ങളിലൊരാളാണ് ലെവന്റോസ്ക്കി. താരത്തെ എത്തിക്കാൻ ശ്രമിക്കുന്നുണ്ട് എന്നുള്ള കാര്യം ബാഴ്സയുടെ പ്രസിഡന്റായ ലാപോർട്ട അറിയിക്കുകയും ചെയ്തിരുന്നു. ഈ സീസണിൽ നാൽപതിൽ പരം ഗോളുകൾ നേടിയ താരത്തെ എത്തിക്കാൻ കഴിഞ്ഞാൽ അത് ബാഴ്സക്ക് വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.