ലെവന്റോസ്ക്കിയെ ബാഴ്സയിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നത് ബാലൺ ഡി’ഓർ : മുൻ സഹതാരം!
ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരമായ റോബർട്ട് ലെവൻഡോവ്സ്കിയുടെ ക്ലബുമായുള്ള കരാർ അടുത്ത സീസണിലാണ് അവസാനിക്കുക.എന്നാൽ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ക്ലബ്ബ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്.സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ താരത്തെ ലക്ഷ്യം വെക്കുന്നുണ്ട്.ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഏതായാലും റോബെർട്ട് ലെവന്റോസ്ക്കിയുടെ മുൻ സഹ താരമായ മാർട്ടിനെസ് ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.അതായത് സ്പാനിഷ് ലീഗിലേക്ക് ലെവന്റോസ്ക്കിയെ ചേക്കേറാൻ പ്രേരിപ്പിക്കുന്ന കാര്യം ബാലൺ ഡി’ഓർ പുരസ്കാരമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം എൽ ലാർഗെറോ എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാർട്ടിനെസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 30, 2022
” ഞാൻ ഇന്ന് ലെവന്റോസ്ക്കിയുമായി സംസാരിച്ചിരുന്നു. ഓരോ ദിവസം കൂടുന്തോറും ഗ്രേ ഹെയർ വർധിച്ചുവരികയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.ബയേണിലെ പ്രശ്നം എന്നുള്ളത് അവിടെ ഒരു ക്ലോസ് ഇല്ല എന്നുള്ളതാണ്. അവർക്ക് വിൽക്കാൻ ആഗ്രഹമില്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷേ അവിടെ ചില സാധ്യതകൾ ഞാൻ കാണുന്നുണ്ട്. സ്പെയിനിൽ കളിച്ചാൽ ഒന്നോ രണ്ടോ ബാലൺ ഡി’ ഓർ പുരസ്കാരങ്ങൾ നേടാമെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹം അതിന് ശ്രമിക്കുന്നത്. ഒരു ബാലൺ ഡി’ ഓർ പുരസ്കാരം താൻ അർഹിക്കുന്നുണ്ട് എന്ന തോന്നൽ അദ്ദേഹത്തിനുണ്ട്.ജർമ്മൻ ലീഗിൽ കളിക്കുന്നതും സ്പാനിഷ് ലീഗിൽ കളിക്കുന്നതും ഒരുപോലെയല്ല ” ഇതാണ് മാർട്ടിനെസ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ വർഷത്തെ ബാലൺ ഡി’ ഓർ പോരാട്ടത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു ലെവൻഡോസ്കി ഫിനിഷ് ചെയ്തത്. സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു പുരസ്കാരം കരസ്ഥമാക്കിയത്.