റയൽ മാഡ്രിഡ്‌ ലെവന്റോസ്ക്കിക്ക് നൽകിയ ഓഫറിന്റെ രേഖകൾ പുറത്ത് !

തന്നെ സാന്റിയാഗോ ബെർണാബുവിൽ എത്തിക്കാൻ റയൽ മാഡ്രിഡ്‌ മുമ്പേ ശ്രമിച്ചിരുന്നുവെന്ന കാര്യം ലെവന്റോസ്ക്കി മുൻപേ തന്നെ തുറന്നു പറഞ്ഞ കാര്യമാണ്. എന്നാൽ റയൽ മാഡ്രിഡ് ശ്രമം നടത്തിയതിന്റെ കൂടുതൽ രേഖകൾ പുറത്തായിരിക്കുകയാണിപ്പോൾ. പോളിഷ് സ്പോർട്സ് മാധ്യമമായ Onet സ്പോർട്ട് ആണ് റയൽ മാഡ്രിഡ്‌ ലെവന്റോസ്ക്കിക്ക് വെച്ചു നീട്ടിയ ഓഫറിന്റെ രേഖകൾ പുറത്ത് വിട്ടത്. 2013 അവസാനത്തിലായിരുന്നു റയൽ താരത്തിന് വേണ്ടി ശ്രമം നടത്തിയത്. അന്ന് ബൊറൂസിയക്ക് വേണ്ടി കളിക്കുന്ന താരം പിന്നീട് റയലിന്റെ ഓഫർ നിരസിച്ച് ബയേണിലേക്ക് ചേക്കേറുകയായിരുന്നു. കരാറിന്റെ കാലാവധി, നിബന്ധനകൾ, സാലറി, ഫീ, എന്നിവയൊക്കെ അടങ്ങുന്ന രേഖകളാണ് ഇപ്പോൾ പോളിഷ് മാധ്യമം പുറത്ത് വിട്ടിരിക്കുന്നത്.

2013- ഏപ്രിൽ 24-ൽ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ലെവന്റോസ്ക്കി നാലു ഗോളുകൾ നേടുന്നതിന് പെരെസ് സാക്ഷിയാവുകയായിരുന്നു. തുടർന്ന് പെരെസ് താരത്തെ നേരിട്ട് കണ്ട് റയൽ മാഡ്രിഡിലേക്ക് പോരാൻ ആഗ്രഹമുണ്ടോ എന്നാരായുകയായിരുന്നു. ഏജന്റിനോട് സംസാരിച്ചോളൂ എന്നാണ് ലെവന്റോസ്ക്കി അന്ന് പെരെസിന് മറുപടി നൽകിയത്. തുടർന്ന് റയൽ മാഡ്രിഡ്‌ വമ്പൻ ഓഫർ തന്നെ അയക്കുകയായിരുന്നു. 2013 ഡിസംബറിൽ ആയിരുന്നു ഓഫറുമായി സമീപിച്ചത്. ഇതാണിപ്പോൾ പുറത്തായത്. ഇതുപ്രകാരം ആറു വർഷത്തെ കരാർ ആണ് റയൽ താരത്തിന് ഓഫർ ചെയ്തത്. പ്രീടാക്സ് സാലറിയായി ഓരോ സീസണും 8,609,590 (8.6 മില്യൺ) യുറോയും താരത്തിന് വാഗ്ദാനം ചെയ്തു. പ്രീടാക്സ് സൈനിങ്‌ ബോണസ് ആയി ഫെബ്രുവരി പത്ത് 2015- ന് മുൻപാകെ 10,957,650 (10.9 മില്യൺ ) യുറോയും റയൽ വാഗ്ദാനം ചെയ്തു. സ്കൈ ഡൈവിംഗ്, സ്‌ക്കിങ് പോലെയുള്ള അപകടകരമായ പരിശീലനരീതികൾ നിരോധിച്ചിരിക്കുന്നതായും റയൽ മാഡ്രിഡിന്റെ രേഖകളി നിന്ന് വ്യക്തമാവുന്നുണ്ട്. എന്നാൽ താരം ഈ ഓഫർ നിരസിച്ച് ബയേൺ തിരഞ്ഞെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *