മോശം ഗ്രേഡ് ലഭിക്കുന്നത് എപ്പോഴും ടീച്ചറിന്റെ കുറ്റമല്ല: ടുഷേലിനെ കുറിച്ച് ന്യൂയർ

ഈ സീസണിൽ പ്രതീക്ഷിച്ച രീതിയിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിന് കഴിഞ്ഞിട്ടില്ല.ഈയിടെ തുടർച്ചയായി മൂന്ന് മത്സരങ്ങൾ അവർ പരാജയപ്പെട്ടിരുന്നു. ജർമൻ ലീഗിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ബയേൺ മ്യൂണിക്ക് ഉള്ളത്. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ അവർ ലീപ്സിഗിനെ പരാജയപ്പെടുത്തിയിരുന്നു.ഹാരി കെയ്നിന്റെ ഇരട്ട ഗോളുകളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.

മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ടതിന് പിന്നാലെ പരിശീലകൻ ടുഷേലിനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ ബയേൺ തീരുമാനിച്ചിരുന്നു. ഈ സീസണിന് ശേഷം പരിശീലക സ്ഥാനത്ത് നിന്നും ടുഷേൽ പടിയിറങ്ങും. എന്നാൽ ബയേണിന്റെ മോശം പ്രകടനത്തിന് താരങ്ങളാണ് ഉത്തരവാദിയെന്ന് ഗോൾ കീപ്പറായ മാനുവൽ ന്യൂയർ തുറന്ന് പറഞ്ഞിട്ടുണ്ട്. മോശം ഗ്രേഡ് ലഭിക്കുന്നത് എപ്പോഴും ടീച്ചറിന്റെ കാരണത്താൽ അല്ല എന്നാണ് ഉദാഹരണമായി കൊണ്ട് ന്യൂയർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ടുഷേൽ പുറത്ത് പോകുന്നു എന്നുള്ളത് താരങ്ങൾക്കും ടീമിനും ഒക്കെ ഒരു മോശം ഇമേജ് തന്നെയാണ്. കാരണം അദ്ദേഹം ഒരു ടോപ്പ് പരിശീലകനാണ്.ഒരു ടോപ്പ് കോച്ചിനെ മാനേജ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. മോശം ഗ്രേഡ് ലഭിക്കുന്നത് എപ്പോഴും ടീച്ചറിന്റെ മാത്രം കുറ്റമല്ല. ഒരു മികച്ച പരിശീലകൻ പുറത്താകുമ്പോൾ അതിന്റെ ഉത്തരവാദികൾ ഞങ്ങളാണ്. നിലവിൽ മികച്ച രൂപത്തിൽ പ്രൊഫഷണലായിക്കൊണ്ട് ഞങ്ങൾ ഇത് അവസാനിപ്പിക്കേണ്ടതുണ്ട് ” ഇതാണ് ക്ലബ്ബിന്റെ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

ഇന്നലത്തെ മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞത് ബയേണിനെ സംബന്ധിച്ചിടത്തോളം ആശ്വാസം നൽകുന്ന കാര്യമാണ്. ഒന്നാം സ്ഥാനക്കാരായ ബയേർ ലെവർകൂസനുമായി 8 പോയിന്റിന്റെ വ്യത്യാസം നിലവിൽ ബയേൺ മ്യൂണിക്കിനുണ്ട്. അടുത്ത മത്സരത്തിൽ ഫ്രീബർഗിനെയാണ് ബയേൺ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *