മത്സരങ്ങളേക്കാൾ കൂടുതൽ ഗോളുകൾ നേടണം, ഗോൾദാഹത്തോടെ ഹാലണ്ട് പറയുന്നു!
യുവ സൂപ്പർ താരം എർലിങ് ഹാലണ്ട് ക്ലബ്ബിനായും രാജ്യത്തിനായും ഗോളടിച്ചു കൂട്ടുന്ന തിരക്കിലാണ്. കഴിഞ്ഞ ജിബ്രാൾട്ടറിനെതിരെയുള്ള മത്സരത്തിൽ നോർവേക്ക് വേണ്ടി ഹാട്രിക് നേടാൻ ഹാലണ്ടിന് സാധിച്ചിരുന്നു.ഇതോടെ 15 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ രാജ്യത്തിനു വേണ്ടി പൂർത്തിയാക്കാൻ ഹാലണ്ടിന് സാധിച്ചിരുന്നു.പക്ഷേ ഹാലണ്ട് ഇത് കൊണ്ടൊന്നും തൃപ്തനല്ല.മതിയായ ഗോളുകൾ താൻ ഇപ്പോഴും നേടിയിട്ടില്ലെന്നും താൻ കളിച്ച മത്സരങ്ങളുടെ എണ്ണത്തെക്കാൾ കൂടുതൽ ഗോളുകൾ നേടേണ്ടതുണ്ട് എന്നുമാണ് ഹാലണ്ട് അറിയിച്ചിട്ടുള്ളത്.മത്സരശേഷം ടിവി 2 വിനോട് സംസാരിക്കുകയായിരുന്നു താരം.
” ഞാൻ ഇപ്പോഴും മതിയായ ഗോളുകൾ നേടിയിട്ടില്ല.ശരാശരി ഓരോ മത്സരത്തിലും ഓരോ ഗോൾ എന്നതിന്റെ തൊട്ടരികിലാണ് ഞാൻ ഇപ്പോൾ ഉള്ളത്.കളിക്കുന്ന മത്സരങ്ങളുടെ എണ്ണത്തെക്കാൾ കൂടുതൽ ഗോളുകൾ നേടണമെന്നാണ് വ്യക്തിപരമായി എന്റെ ആഗ്രഹം.കൂടാതെ മുന്നിലുള്ള റെക്കോർഡുകൾ കൂടി കീഴടക്കാനാണ് ഞാൻ ശ്രമിക്കുന്നത് ” ഇതാണ് എർലിങ് ഹാലണ്ട് പറഞ്ഞിട്ടുള്ളത്.
Erling Haaland is not satisfied and wants to score more goals despite having 124 goals in 172 games for club and country. 😂 pic.twitter.com/14tTyIrl7x
— Naija Football Talk ⚽️ (@NaijaFT_tweet) September 8, 2021
അതേസമയം എർലിങ് ഹാലണ്ടിനെ പുകഴ്ത്തി കൊണ്ട് സഹതാരം മാർട്ടിൻ ഒഡേഗാർഡും രംഗത്ത് വന്നിരുന്നു.മത്സരശേഷം ആഴ്സണൽ താരമായ ഒഡേഗാർഡ് പറഞ്ഞത് ഇങ്ങനെയാണ്. “അദ്ദേഹത്തെ കുറിച്ച് അദ്ദേഹത്തിന്റെ കണക്കുകൾ തന്നെ സംസാരിക്കുന്നുണ്ട്.അതിൽ കൂടുതൽ ഒന്നും തന്നെ പറയാനില്ല.തീർച്ചയായും അത് അത്ഭുതപ്പെടുത്തുന്നതാണ്.അദ്ദേഹത്തെ ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവാൻമാരാണ്.ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഹാലണ്ട് എന്നാണ് എന്റെ അഭിപ്രായം. അവൻ ആരുടെയും പിറകിൽ നിൽക്കേണ്ട ആവിശ്യമില്ല ” ഇതാണ് ഒഡേഗാർഡ് പറഞ്ഞത്. ഈ മാസത്തെ നോർവേയുടെ മത്സരങ്ങൾ അവസാനിച്ചിരുന്നു. ഇനി ഹാലണ്ടിനെ ബൊറൂസിയക്കൊപ്പം കാണാം.