ഭാവിയെ കുറിച്ച് തീരുമാനമെടുക്കൂ, ഹാലണ്ടിന് അവസാന തിയ്യതി നിശ്ചയിച്ച് ഡോർട്മുണ്ട്!

ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവസൂപ്പർ താരം എർലിങ് ഹാലണ്ട് ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. ഈ സമ്മറിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ഹാലണ്ട് ചേക്കേറുമെന്നുള്ള കാര്യം സൂചിപ്പിച്ചത് അദ്ദേഹത്തിന്റെ ഏജന്റായ മിനോ റയോള തന്നെയാണ്. ഇതോടെ ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ക്ലബുകളെല്ലാം ഹാലണ്ടിനെ സ്വന്തമാക്കാൻ രംഗത്ത് വരികയും ചെയ്തിരുന്നു.

നിലവിൽ 2024 വരെയാണ് ഹാലണ്ടിന് ബൊറൂസിയയുമായി കരാറുള്ളത്. അത്കൊണ്ട് തന്നെ താരം ക്ലബ്ബിൽ തന്നെ തുടരുമോ അതോ ക്ലബ്‌ വിടുമോ എന്നുള്ള കാര്യം ബൊറൂസിയക്ക് അവ്യക്തമാണ്. അത്കൊണ്ട് തന്നെ തന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങൾ ക്ലബ്ബിനെ അറിയിക്കാൻ ബൊറൂസിയ ഇപ്പോൾ ഹാലണ്ടിനോട്‌ നിർദേശിച്ചിട്ടുണ്ട്. ജനുവരി 31-ആം തിയ്യതിയാണ് ഇതിന്റെ അവസാന ദിവസമായി ക്ലബ് നിശ്ചയിച്ചിട്ടുള്ളത്.അതായത് ജനുവരി ട്രാൻസ്ഫർ ജാലകം അടക്കുന്നതിന് മുന്നേ ഹാലണ്ടിന്റെ ഭാവി അറിയാൻ കഴിയും.പ്രമുഖ മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, സിറ്റി, ചെൽസി, ലാലിഗ വമ്പൻമാരായ റയൽ മാഡ്രിഡ്‌, എഫ്സി ബാഴ്സലോണ എന്നിവരൊക്ക ഹാലണ്ടിൽ താല്പര്യം പ്രകടിപ്പിച്ച ക്ലബുകളാണ്. പക്ഷേ ഹാലണ്ട് ഇതുവരെ ഏത് ക്ലബ്ബിലേക്ക് ചേക്കേറണമെന്ന തീരുമാനം കൈകൊണ്ടിട്ടില്ല. ലാലിഗയാണ് ഹാലണ്ടിന് താല്പര്യം എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സാമ്പത്തികപ്രശ്നങ്ങൾ ബാഴ്‌സക്ക് തടസ്സമായി നിലകൊള്ളുന്ന ഒന്നാണ്. അത്കൊണ്ട് തന്നെ പലരും ഹാലണ്ട് റയലിലേക്ക് എത്താൻ സാധ്യത കൽപ്പിക്കുന്നുണ്ട്.

75 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. പ്രമുഖ ക്ലബുകൾക്കെല്ലാം താങ്ങാനാവുന്ന ഒരു തുകയാണിത്. മിന്നും ഫോമിലാണ് ഹാലണ്ട് ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നത്.74 മത്സരങ്ങളിൽ നിന്ന് 76 ഗോളുകളാണ് ഹാലണ്ട് ബൊറൂസിയക്ക് വേണ്ടി അടിച്ചു കൂട്ടിയിട്ടുള്ളത്. ഏതായാലും താരത്തിന്റെ തീരുമാനം എന്താവുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *