ബയേൺ വീണ്ടും തോറ്റു,കെയ്നിന്റെ കാത്തിരിപ്പ് അടുത്ത മെയ് വരെ നീളും!

ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ തോൽവിയാണ് ബയേൺ മ്യൂണിക്കിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഹോഫൻഹെയിം ബയേണിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.ക്രമറിച്ചിന്റെ ഹാട്രിക്കാണ് അവർക്ക് ഈയൊരു വിജയം സമ്മാനിച്ചിട്ടുള്ളത്. രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന ശേഷമാണ് ബയേൺ നാല് ഗോളുകൾ വഴങ്ങി പരാജയം ഏറ്റുവാങ്ങിയത്.

ഇതോടുകൂടി ബുണ്ടസ് ലിഗയിൽ ബയേൺ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തിട്ടുള്ളത്. കിരീടം ബയേർ ലെവർകൂസൻ സ്വന്തമാക്കിയപ്പോൾ രണ്ടാം സ്ഥാനം സ്റ്റുട്ട്ഗർട്ടാണ് നേടിയിട്ടുള്ളത്. 2011 ന് ശേഷം ഇതാദ്യമായാണ് ബയേൺ ബുണ്ടസ് ലിഗയിൽ ഇത്രയും മോശമായ രീതിയിൽ ഫിനിഷ് ചെയ്യുന്നത്.മാത്രമല്ല മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് മറ്റൊരു തിരിച്ചടി കൂടി അവർക്ക് ഏൽപ്പിച്ചിട്ടുണ്ട്.

അടുത്ത ജർമൻ സൂപ്പർ കപ്പിന് യോഗ്യത നേടാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ കിരീടം നേടാനുള്ള മറ്റൊരു അവസരമാണ് നഷ്ടമാകുന്നത്. ഇത് ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിക്കുന്നത് അവരുടെ ഇംഗ്ലീഷ് സൂപ്പർ താരമായ ഹാരി കെയ്നിന് തന്നെയാണ്.ആദ്യ കിരീടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുകയാണ്. ഇനി ക്ലബ്ബ് കരിയറിൽ ആദ്യത്തെ ട്രോഫി നേടണമെങ്കിൽ കെയ്ൻ ചുരുങ്ങിയത് അടുത്ത മെയ് മാസം വരെ എങ്കിലും കാത്തിരിക്കണം. ജർമ്മൻ സൂപ്പർ കപ്പിന് യോഗ്യത നേടിയിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.

അതേസമയം യൂറോ കപ്പ് അദ്ദേഹത്തിന്റെ മുന്നിലുണ്ട്. അടുത്ത മാസം നടക്കുന്ന യൂറോകപ്പിൽ ഇംഗ്ലണ്ടിനോടൊപ്പം കിരീടം നേടാൻ കഴിഞ്ഞാൽ താരത്തിന്റെ കിരീട ശാപം അവസാനിക്കും.പക്ഷേ യുറോ കപ്പ് എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.എന്നാൽ ഈ സീസണിലെ യൂറോപ്പ്യൻ ഗോൾഡൻ ബൂട്ട് പുരസ്കാരം കെയ്ൻ ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *