ബയേണിന് തിരിച്ചടി,മുസിയാലയുടെ പരിക്ക് ഗുരുതരം!

നിലവിലെ ബുണ്ടസ്ലിഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് മികച്ച രീതിയിലാണ് ഇത്തവണത്തെ ലീഗ് ആരംഭിച്ചിട്ടുള്ളത്.ആദ്യ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് വെർഡർ ബ്രമനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം സാനെ ഇരട്ട ഗോളുകൾ നേടുകയായിരുന്നു.ഹാരി കെയ്ൻ ഈ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റം സ്വന്തമാക്കി.

അടുത്ത മത്സരത്തിൽ ഓഗ്സ്ബർഗാണ് ബയേണിന്റെ എതിരാളികൾ.ഈ മത്സരത്തിന് മുന്നേ ക്ലബ്ബ് ഇപ്പോൾ മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.ബയേണിന്റെ യുവ സൂപ്പർ താരമായ ജമാൽ മുസിയാല ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. താരത്തിന്റെ ഇടത് കാൽ തുടക്ക് മസിൽ ഇഞ്ചുറിയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആഴ്ചകളോളം അദ്ദേഹം പുറത്തിരിക്കേണ്ടിവരും.

അതായത് ഈ ജർമ്മൻ ക്ലബ്ബിന്റെ അടുത്ത രണ്ട് മത്സരങ്ങളിലും മുസിയാല ഉണ്ടാവില്ല.മാത്രമല്ല അതിനുശേഷം നടക്കുന്ന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് മത്സരങ്ങളാണ് ജർമ്മനി കളിക്കുന്നത്.ജപ്പാൻ,ഫ്രാൻസ് എന്നിവരാണ് എതിരാളികൾ.ഈ രണ്ട് മത്സരങ്ങളും യുവ സൂപ്പർതാരത്തിന് നഷ്ടമാവും എന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ബയേണിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ഈ അറ്റാക്കിങ് മിഡ്‌ഫീൽഡർ. കഴിഞ്ഞ സീസണിൽ ലീഗിൽ 33 മത്സരങ്ങളാണ് മുസിയാല കളിച്ചിരുന്നത്.12 ഗോളുകളും 13 അസിസ്റ്റുകളുമാണ് കഴിഞ്ഞ സീസണിൽ അദ്ദേഹം നേടിയിരുന്നത്.ഇന്റർനാഷണൽ ബ്രേക്കിന് ശേഷം അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *