പിഎസ്ജി സൂപ്പർ താരം ക്ലബ്‌ വിടുന്നു,ചേക്കേറുന്നത് ബൊറൂസിയയിലേക്ക്

ഈ സീസണോടെ തങ്ങളുടെ സൂപ്പർ താരങ്ങളായ തിയാഗോ സിൽവയും എഡിൻസൺ കവാനിയും ടീം വിടുമെന്ന് പിഎസ്ജി അറിയിച്ചിരുന്നു. ജൂൺ മുപ്പതോടെ ഇരുവരുടെയും കരാർ അവസാനിക്കുമെന്നും എന്നാൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ വേണ്ടി ഷോർട് ടെം ഡീൽ നടത്താൻ പിഎസ്ജി അനുമതി നൽകിയിരുന്നു. ഇത് സിൽവ അംഗീകരിച്ചപ്പോൾ കവാനി നിരസിക്കുകയായിരുന്നു. ഇപ്പോഴിതാ ഇരുവർക്കും പിന്നാലെ ക്ലബ്‌ വിടാൻ തീരുമാനിച്ചിരിക്കുകയാണ് തോമസ് മുനീർ. ഈ ജൂണിൽ കരാർ അവസാനിക്കുന്ന താരം പിഎസ്ജിയുമായി ഷോർട്ട് ടെം ഡീലിൽ ഒപ്പ് വെച്ചിട്ടില്ല. ഇതിനാൽ തന്നെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ കളിക്കാതെ താരം ക്ലബ്‌ വിടുമെന്ന് സ്ഥിരീകരിക്കപ്പെട്ടു. ബുണ്ടസ്‌ലിഗ വമ്പൻമാരായ ബൊറൂസിയ ഡോർട്മുണ്ടിലേക്കാണ് താരം പോവാൻ ഉദ്ദേശിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. ബിൽഡ് ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

നാല് വർഷത്തെ കരാറിലായിരിക്കും മുനീർ ബൊറൂസിയയുമായി ഏർപ്പെടുക. ഏറെ കാലം ടോട്ടൻഹാം നോട്ടമിട്ട താരമായിരുന്നു ഇദ്ദേഹം. കൂടാതെ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിന് പിന്നാലെ കൂടിയിരുന്നു. എന്നാൽ പ്രീമിയർ ലീഗിലേക്ക് പോവാൻ താല്പര്യമില്ലാത്ത മുനീർ ഈ ഓഫറുകൾ നിരസിച്ച് ബൊറൂസിയയെ തിരഞ്ഞെടുക്കുകയായിരുന്നു. നാല് വർഷം മുൻപായിരുന്നു ഈ ബെൽജിയൻ താരം പിഎസ്ജിയിലേക്കെത്തിയത്. പിഎസ്ജിക്കായി ആകെ 128 മത്സരങ്ങൾ കളിച്ച താരം മൂന്നു ലീഗ് വൺ കിരീടനേട്ടത്തിലും പങ്കാളിയായിട്ടുണ്ട്. റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരത്തിന് അവസരങ്ങൾ കുറഞ്ഞതാണ് ക്ലബ്‌ വിടാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *