നാലു ഗോൾ നേടിയതിന് ശേഷം പിൻവലിച്ചു, തമാശരൂപേണ കോച്ചിനോടുള്ള ദേഷ്യം പ്രകടിപ്പിച്ച് ഹാലണ്ട് !

ഇന്നലെ ബുണ്ടസ് ലിഗയിൽ നടന്ന മത്സരത്തിൽ എർലിങ് ഹാലണ്ടിന്റെ സംഹാരതാണ്ഡവത്തിനാണ് ആരാധകർ സാക്ഷിയായത്. രണ്ടാം പകുതിയിൽ കേവലം പതിനഞ്ച് മിനുറ്റിനിടെ ഹാട്രിക് നേടിയ ഹാലണ്ട് ആകെ നാലു ഗോളുകളാണ് അടിച്ചു കൂട്ടിയത്. താരത്തിന്റെ മികവിൽ 5-2 എന്ന സ്കോറിനാണ് ഹെർത്ത ബെർലിനെ ബൊറൂസിയ തകർത്തു വിട്ടത്. മത്സരത്തിൽ ബൊറൂസിയയുടെ ശേഷിച്ച ഗോൾ നേടിയത് ഗ്വരേരയായിരുന്നു. മത്സരത്തിന്റെ 47, 49, 68, 79 മിനുട്ടുകളിലായിരുന്നു ഹാലണ്ട് ഹെർത്തക്ക്‌ മേൽ നിറയൊഴിച്ചത്. തുടർന്ന് 85-ആം മിനുട്ടിൽ താരത്തെ പിൻവലിച്ചു കൊണ്ട് പതിനാറ് വയസുകാരനായ യൂസുഫ മൗകോകെയെ പരിശീലകൻ ഫാവ്റേ കളത്തിലിറക്കിയിരുന്നു. തന്നെ പിൻവലിച്ചതിൽ തമാശ രൂപേണ പ്രതികരിച്ചിരിക്കുകയാണ് ഹാലണ്ട്. പിൻവലിച്ച കാരണത്താൽ തനിക്ക് നാലെണ്ണം മാത്രമേ നേടാനായുള്ളൂ എന്ന സങ്കടം പരിശീലകനോട് പങ്കുവെച്ചതായി ഹാലണ്ട് അറിയിച്ചു.

” മത്സരത്തിന് ശേഷം പരിശീലകൻ ഫാവ്റേ എന്നോട് ചോദിച്ചത് ഇങ്ങനെയാണ്.. നീ എത്ര ഗോളാണ് ഇന്ന് നേടിയത്? നീ മൂന്നെണ്ണം നേടിയോ? അപ്പോൾ തമാശരൂപേണ ഞാൻ പറഞ്ഞു.. ഞാൻ നാലെണ്ണം മാത്രമേ നേടിയൊള്ളൂ. കാരണം നിങ്ങൾ എന്നെ പിൻവലിച്ചു. അദ്ദേഹം പിൻവലിച്ച കാരണത്തിൽ എനിക്ക് അദ്ദേഹത്തോട് ചെറിയ ദേഷ്യമുണ്ട് ” തമാശരൂപേണ ഹാലണ്ട് ഇഎസ്പിഎന്നിനോട്‌ പറഞ്ഞു. ഈ ബുണ്ടസ്ലിഗയിൽ പത്ത് ഗോളുകൾ നേടാൻ ഹാലണ്ടിന് ഇതിനോടകം തന്നെ കഴിഞ്ഞു. എന്നാൽ റോബർട്ട്‌ ലെവന്റോസ്ക്കി താരത്തിന്റെ മുമ്പിലുണ്ട്. പതിനൊന്ന് ഗോളുകളാണ് ലെവന്റോസ്ക്കിയുടെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *