തിരിച്ചു വരവിൽ ജോവിച്ച് നേടിയത് ഇരട്ടഗോൾ, റയൽ മാഡ്രിഡിന് നിർദേശവുമായി ഫ്രാങ്ക്ഫർട്ട് !

തന്റെ ഫ്രാങ്ക്ഫർട്ടിലേക്കുള്ള തിരിച്ചു വരവിൽ ഡബിൾ നേടി ലുക്കാ ജോവിച്ച്. ഇന്നലെ ഷാൽക്കെതിരെ നടന്ന മത്സരത്തിലാണ് ജോവിച്ച് ഇരട്ടഗോളുകൾ നേടിയത്. ഒന്നരവർഷങ്ങൾക്ക്‌ മുമ്പ് ജോവിച്ച് വമ്പൻ തുകക്ക്‌ ഫ്രാങ്ക്ഫർട്ട് വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയിരുന്നു. എന്നാൽ താരത്തിന് ഒട്ടും തിളങ്ങാനായില്ല. ഒന്നര വർഷത്തിനിടെ കേവലം രണ്ട് ഗോളുകൾ മാത്രമാണ് റയൽ ജേഴ്സിയിൽ ജോവിച്ചിന് നേടാൻ സാധിച്ചത്. നവംബറിന് ശേഷം താരത്തിന് കളിക്കാൻ അവസരം നൽകുകയും ചെയ്തിരുന്നില്ല.തുടർന്ന് താരത്തെ ലോണിൽ തന്നെ തിരികെ അയക്കുകയായിരുന്നു റയൽ മാഡ്രിഡ്‌. ഇതോടെ ജോവിച്ച് തന്റെ യഥാർത്ഥ രൂപം വീണ്ടും പുറത്തെടുത്തു. പകരക്കാരനായി ഇറങ്ങിയ താരം ഇരട്ടഗോളുകൾ നേടുകയായിരുന്നു.

മത്സരത്തിന്റെ 62-ആം മിനുട്ടിലാണ് ജോവിച്ച് ഇറങ്ങിയത്. 72-ആം മിനുട്ടിൽ ജോവിച്ച് വലകുലുക്കുകയും ചെയ്തു. 91-ആം മിനുട്ടിൽ വീണ്ടും ജോവിച്ച് ഗോൾ കണ്ടെത്തി. അങ്ങനെ ഒന്നര വർഷത്തിനുള്ളിൽ റയലിന് വേണ്ടി നേടിയ ഗോളുകൾ ജോവിച്ച് ഒരൊറ്റ മത്സരത്തിൽ നേടുകയായിരുന്നു. ഇതോടെ റയൽ മാഡ്രിഡിന് നിർദേശം നൽകാനും ഫ്രാങ്ക്ഫർട്ട് മറന്നില്ല. ” നിങ്ങൾ അവന് കളിക്കാൻ അവസരം നൽകിയാൽ മതി ” എന്നാണ് ഫ്രാങ്ക്ഫർട്ട് തങ്ങളുടെ ഔദ്യോഗിക ട്വിറ്റെറിലൂടെ അറിയിച്ചത്. ഏതായാലും താരം ഫോം കണ്ടെത്തിയതിൽ റയൽ മാഡ്രിഡും ആശ്വാസം കൊള്ളുന്നുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *