ഡിലൈറ്റും മാനെയും വേൾഡ് ക്ലാസ് താരങ്ങളല്ല : ബയേണിനെ വിമർശിച്ച് മുൻ CEO റുമ്മനിഗ്ഗെ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ രണ്ട് സൂപ്പർതാരങ്ങളെയാണ് ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് സ്വന്തമാക്കിയിട്ടുള്ളത്. ലിവർപൂളിൽ നിന്ന് മുന്നേറ്റ നിര താരമായ സാഡിയോ മാനെയെയും യുവന്റസിൽ നിന്ന് പ്രതിരോധനിരതാരമായ മത്യാസ് ഡി ലൈറ്റിനെയുമാണ് ബയേൺ സ്വന്തമാക്കിയിട്ടുള്ളത്. ഇരുവർക്കും വേണ്ടി നൂറ് മില്യൺ യുറോയോളമാണ് ബയേൺ ചിലവഴിച്ചിട്ടുള്ളത്.

എന്നാൽ ഇതിനെതിരെ വിമർശനം ഉയർത്തിക്കൊണ്ട് ബയേണിന്റെ മുൻ CEO യും ഇതിഹാസ താരവുമായിരുന്ന കാൾ ഹെയിൻസ് റുമ്മനിഗ്ഗെ രംഗത്ത് വന്നിട്ടുണ്ട്.ഈ ട്രാൻസ്ഫറിന്റെ കാര്യത്തിൽ സ്പോട്ടിംഗ് ഡയറക്ടർ പുകഴ്ത്തേണ്ട കാര്യമില്ലെന്നും മാനെയും ഡിലൈറ്റും ലോകോത്തര താരങ്ങളല്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.റുമ്മനിഗ്ഗെയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

“എന്തിനാണ് എല്ലാവരും ഈ ട്രാൻസ്ഫറുകളുടെ കാര്യത്തിൽ സ്പോർട്ടിങ് ഡയറക്ടറായ ഹസൻ സാലിമിമിസിച്ചിനെ പ്രശംസിക്കുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല. എനിക്ക് ഏതായാലും അതിൽ പങ്കുചേരാനാവില്ല.ഞാൻ എല്ലാവിധ ബഹുമാനത്തോടും കൂടി പറയട്ടെ, എന്നെ സംബന്ധിച്ചിടത്തോളം മാനെയും ഡി ലൈറ്റും വേൾഡ് ക്ലാസ് താരങ്ങളല്ല. തീർച്ചയായും മാനെ ബുണ്ടസ്ലിഗയിൽ ഗോളുകൾ നേടുക തന്നെ ചെയ്യും.പക്ഷേ അദ്ദേഹത്തിന്റെ പ്രായം കൂടി നമ്മൾ പരിഗണിക്കണം.മാനെ ഇപ്പോൾ ടോപ്പ് ലെവലിൽ അല്ല. അങ്ങനെയായിരുന്നുവെങ്കിൽ ക്ലോപ് അദ്ദേഹത്തെ വിടില്ലായിരുന്നു.ഡി ലൈറ്റിന് പ്രായം കുറവാണ് എന്നുള്ളത് ശരിയാണ്. പക്ഷേ കഴിഞ്ഞ മൂന്നു വർഷവും അദ്ദേഹം യുവന്റസിൽ സമയം പാഴാക്കുകയാണ് ചെയ്തത്.അയാക്സിലെ ഡി ലൈറ്റല്ല നിലവിൽ ഇവിടെ എത്തിയിരിക്കുന്നത് എന്നുള്ളത് നിങ്ങൾ മനസ്സിലാക്കണം.അദ്ദേഹത്തെ ടീമിന്റെ പ്രതിരോധനിരയുടെ മുഖ്യ ചുമതല ഏൽപ്പിക്കുന്നത് അബദ്ധമായി പോകാൻ സാധ്യതയുണ്ട് ” ഇതാണ് റുമ്മനിഗ്ഗെ പറഞ്ഞിട്ടുള്ളത്.

അതേസമയം സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കി ക്ലബ്ബ് വിട്ടിരുന്നു. താരത്തിന് അനുയോജ്യമായ ഒരു പകരക്കാരനെ ടീമിലേക്ക് എത്തിക്കാൻ ബയേണിന് സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *