ജേഡൻ സാഞ്ചോ പ്രീമിയർ ലീഗിലേക്ക്? വ്യക്തത വരുത്തി ഡോർട്മുണ്ട് മാനേജർ

നിലവിൽ ട്രാൻസ്ഫർ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ ഇംഗ്ലണ്ട് യുവതാരം ജേഡൻ സാഞ്ചോയുടെ പേര്. താരം ക്ലബ്‌ വിട്ട് പ്രീമിയർ ലീഗിലേക്ക് തന്നെ മടങ്ങുകയാണെന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും ഒന്ന് വ്യക്തമായിരുന്നില്ല. എന്നാൽ ഈ കാര്യങ്ങളിൽ വ്യക്തത കൈവരുത്തിയിരിക്കുകയാണ് മുൻ ബൊറൂസിയ ഡോർട്മുണ്ട് താരവും നിലവിൽ ക്ലബിന്റെ സ്‌ക്വാഡ് മാനേജറുമായ സെബാസ്റ്റ്യൻ കേൾ. മറ്റുള്ള ക്ലബുകളിൽ നിന്ന് താരത്തിന് വേണ്ടി കൃത്യമായ അന്വേഷണങ്ങൾ ഒന്നും തന്നെ ബൊറൂസിയക്ക് വന്നിട്ടില്ലെന്നും അതിനാൽ തന്നെ താരം ഡോർട്മുണ്ടിൽ തുടരുമെന്നാണ് അദ്ദേഹം അറിയിച്ചത്. സ്പോർട്ട്ബസ്സറിനു അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. നിലവിൽ 2022 വരെ താരത്തിന് കരാർ ഉണ്ടെങ്കിലും താരം ജന്മനാട്ടിലേക്ക് ഈ ട്രാൻസ്ഫറിൽ പോവുമെന്ന് വാർത്തകൾ വന്നിരുന്നു. താരത്തിന് നൂറ് മില്യൺ യുറോ ഡോർട്മുണ്ട് വിലയിട്ടതായും റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.

” തീർച്ചയായും സാഞ്ചോക്ക് ക്ലബുമായി ദീർഘനാളെത്തെ കരാർ ഉണ്ടെന്നുള്ളത് യഥാർഥ്യമായ ഒരു കാര്യമാണ്. മറ്റൊരു യാഥാർഥ്യം എന്തെന്നാൽ ഇതുവരെ മറ്റൊരു ക്ലബിൽ നിന്നും താരത്തിന് വേണ്ടിയുള്ള കൃത്യമായ അന്വേഷണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. കാരണം കൊറോണ പ്രതിസന്ധി മൂലം ട്രാൻസ്ഫർ മാർക്കറ്റ് തകിടം മറിഞ്ഞു നിൽക്കുന്ന കാര്യം എല്ലാവർക്കുമറിയുന്നതാണ്. തീർച്ചയായും അദ്ദേഹത്തിന്റെ ക്വാളിറ്റിയിൽ ഞങ്ങൾ എല്ലാവരും സന്തോഷമുള്ളവരാണ്. അദ്ദേഹത്തിന് ക്ലബ്ബിനെ വ്യത്യസ്ഥ തലങ്ങളിലേക്ക് എത്തിക്കാൻ കഴിയും. അദ്ദേഹം ഞങ്ങളോടൊപ്പം തുടരും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത് ” അദ്ദേഹം പറഞ്ഞു. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നിവരാണ് താരത്തിന് പിന്നാലെ ഉണ്ടായിരുന്നത്. എന്നാൽ ഈ ക്ലബുകൾ ഒന്നും തന്നെ വ്യക്തമായ രീതിയിൽ ഓഫറുകളുമായി ബൊറൂസിയയെ സമീപിച്ചിട്ടില്ല എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *