ക്രിസ്റ്റ്യാനോ ഡോർട്മുണ്ടിലേക്കോ? സ്വയം ഓഫർ ചെയ്തതിന് പിന്നാലെ കുതിച്ചുയർന്ന് സ്റ്റോക്ക്!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുമോ അതല്ലെങ്കിൽ ക്ലബ്ബ് വിടുമോ എന്നുള്ള റൂമറുകൾക്ക് ഇതുവരെ വിരാമമായിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഗിൽ മോശം തുടക്കമായിരുന്നു ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ റൊണാൾഡോ കൂടുതൽ അസന്തുഷ്ടനായി എന്നാണ് അറിയാൻ സാധിക്കുന്നത്.
ഏതായാലും റൊണാൾഡോയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റൂമർ ജർമ്മനിയിൽ നിന്നും പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ബുണ്ടസ്ലിഗ വമ്പൻമാരായ ബോറൂസിയ ഡോർട്മുണ്ടിന് റൊണാൾഡോ സ്വയം ഓഫർ ചെയ്തിട്ടുണ്ട്. തന്റെ ഏജന്റായ ജോർഗെ മെന്റസ് വഴിയാണ് ഓഫർ ചെയ്തിട്ടുള്ളത്. പ്രമുഖ ജർമൻ മാധ്യമമായ ബിൽഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നേരത്തെ റൊണാൾഡോയെ പല ക്ലബ്ബുകളുമായും ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അനുയോജ്യമായ ഒരു ക്ലബ്ബിനെ കണ്ടെത്താൻ റൊണാൾഡോക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല.ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ ക്ലബ്ബിനെയാണ് റൊണാൾഡോ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
🐝 Cristiano Ronaldo 'absolutely wants' to join Borussia Dortmund as his Man Utd exit saga drags on
— Mirror Football (@MirrorFootball) August 18, 2022
⬇️ Full storyhttps://t.co/7RDUX4LI4s
അതേസമയം ഈയൊരു റൂമർ പുറത്തേക്ക് വന്നതിന് പിന്നാലെ ബോറൂസിയക്കും ചില ഗുണങ്ങൾ ലഭിച്ചിട്ടുണ്ട്.അതായത് ഫ്രാങ്ക് ഫർട്ട് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോറൂസിയയുടെ സ്റ്റോക്ക് ഉടൻതന്നെ കുതിച്ചുയരുകയായിരുന്നു.2.3 ശതമാനം വളർച്ച ബോറൂസിയയുടെ സ്റ്റോക്കിന് ഉണ്ടായതായും ബിൽഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ ട്രാൻസ്ഫർ ജാലകത്തിൽ അയാക്സിൽ നിന്നും സൂപ്പർതാരം സെബാസ്റ്റ്യൻ ഹാലറിനെ സ്വന്തമാക്കാൻ ബോറൂസിയക്ക് കഴിഞ്ഞിരുന്നു.എന്നാൽ താരത്തിന് കാൻസർ സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്ട്രൈക്കർ പൊസിഷനിലേക്ക് താരങ്ങളെ ക്ലബ്ബ് അന്വേഷിക്കുന്നുമുണ്ട്.