ക്രിസ്റ്റ്യാനോക്ക് പകരക്കാരനാവാൻ റയൽ മാഡ്രിഡിൽ നിന്നും ഓഫർ വന്നിരുന്നുവെന്ന് ലെവന്റോസ്ക്കി

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിട്ടതിന് ശേഷം റയൽ മാഡ്രിഡ്‌ തന്നെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ലെവന്റോസ്ക്കിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം സ്പോർട്ട് ബിൽഡിന് നൽകിയ അഭിമുഖത്തിലാണ് 2018-ൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാൽ താൻ അത് നിരസിക്കുകയും ബയേണിൽ തന്നെ തുടരാൻ തീരുമാനിക്കുകയുമായിരുന്നുവെന്നും ആ തീരുമാനമെടുത്തതിൽ തനിക്കിത് വരെ ഖേദം തോന്നിയിട്ടില്ലെന്നും ബയേണിൽ താൻ അതീവസന്തുഷ്ടനാണെന്നും താരം കൂട്ടിച്ചേർത്തു. ബയേൺ താരമായ ലെവന്റോസ്ക്കി തകർപ്പൻ ഫോമിലാണിപ്പോൾ. ഈ കഴിഞ്ഞ ബുണ്ടസ്‌ലിഗയിലെ ഏറ്റവും മികച്ച താരം പോളിഷ് സ്ട്രൈക്കെർ ആയിരുന്നു. ഈ സീസണിൽ ആകെ 49 ഗോളുകൾ താരം അടിച്ചു കൂട്ടിക്കഴിഞ്ഞു. 2014-ൽ ബുണ്ടസ്‌ലിഗയിൽ എത്തിയ ശേഷം 289 മത്സരങ്ങളിൽ നിന്ന് 240 ഗോളുകളാണ് താരം ഇത് വരെ നേടിയത്.

” ആ സമയത്ത് ഒരുപാട് ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. തീർച്ചയായും റയൽ മാഡ്രിഡ്‌ മഹത്തായ ഒരു ക്ലബ് തന്നെയാണ്. അന്ന് റയൽ മാഡ്രിഡിനെ കുറിച്ച് ഞാൻ ചിന്തിക്കുകയും ചെയ്തിരുന്നു. പക്ഷെ ഞാൻ ബയേണിൽ തന്നെ തുടരാൻ തീരുമാനിച്ചു. ആ തീരുമാനം കൈകൊണ്ടതിൽ തനിക്കിത് വരെ ഖേദവും തോന്നിയിട്ടില്ല ” ലെവന്റോസ്ക്കി അഭിമുഖത്തിൽ പറഞ്ഞു. ” ഒരു സംശയവുമില്ലാതെ പറയാം, ബയേൺ ഒരു മികച്ച കുടുംബമാണ്. ഞാൻ ഇവിടെ സന്തുഷ്ടനുമാണ്. തീർച്ചയായും നൂറ് ശതമാനം ഞാനൊരു ബയേൺ താരമാണ്. എത്ര ക്ലബുകൾ എന്റെ പിറകേയുണ്ടെന്ന കാര്യവും എനിക്കറിയാം. തീർച്ചയായും ഒരുപാട് കാലം കളിക്കാനും ഒരുപാട് ഉയരങ്ങൾ എത്തിപ്പിടിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത് ” ലെവന്റോസ്ക്കി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *