എംബപ്പേ പോയാൽ ഹാലണ്ട്, പിഎസ്ജിയുടെ പുതിയ പദ്ധതി ഇങ്ങനെ!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ക്ലബുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക. താരം ഇതുവരെ കരാർ പുതുക്കിയിട്ടില്ല. ക്ലബ്ബിൽ തുടരുമോ അതോ ക്ലബ്‌ വിടുമോ എന്നുള്ള കാര്യത്തിലും എംബപ്പേ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. സ്പാനിഷ് വമ്പൻമാരായ റയലാണ് താരത്തെ റാഞ്ചാനൊരുങ്ങി നിൽക്കുന്നത്.

എംബപ്പേയെ ഈ സമ്മറിൽ നഷ്ടമായാൽ അത് പിഎസ്ജിക്ക് വലിയൊരു തിരിച്ചടിയായിരിക്കും. പക്ഷേ മറ്റൊരു പദ്ധതിയിപ്പോൾ പിഎസ്ജി തയ്യാറാക്കി വെച്ചിട്ടുണ്ട്. അതായത് എംബപ്പേയുടെ സ്ഥാനത്തേക്ക് ബൊറൂസിയയുടെ യുവസൂപ്പർതാരമായ ഹാലണ്ടിനെയാണ് പിഎസ്ജി പരിഗണിക്കുന്നത്.പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ സമ്മറിൽ ഹാലണ്ട് ബൊറൂസിയ വിടുമെന്നാണ് സൂചനകൾ. താരത്തിന് വേണ്ടി ആകെ 300 മില്യൺ യൂറോയോളം ചിലവഴിക്കാൻ നിലവിൽ പിഎസ്ജി തയ്യാറാണ്.അതായത് 75 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. ഇത് നൽകാൻ പിഎസ്ജി തയ്യാറാണ്.കൂടാതെ ഏജന്റ് കമ്മീഷനായി 20 മില്യൺ യൂറോ നൽകും. ഇതിന് പുറമേ താരത്തിന്റെ സാലറിയായി ഓരോ വർഷവും 30 മില്യൺ യൂറോ വീതം നൽകാനും പിഎസ്ജി തയ്യാറാണ്.അതേസമയം എംബപ്പേ ക്ലബ്ബിൽ തുടരുകയാണെങ്കിൽ പിഎസ്ജി ഈ നീക്കം നടത്താൻ സാധ്യതയില്ലെന്നും അറിയാൻ കഴിയുന്നുണ്ട്.

അതേസമയം ഹാലണ്ടിനെ സ്വന്തമാക്കൽ പിഎസ്ജിക്ക് അത്ര എളുപ്പമാവില്ല. എന്തെന്നാൽ ഫുട്ബോൾ ലോകത്തെ പല വമ്പൻ ക്ലബ്ബുകളും താരത്തെ നോട്ടമിട്ടിട്ടുണ്ട്. മിന്നുന്ന ഫോമിലാണ് നിലവിൽ ഹാലണ്ട് കളിക്കുന്നത്. ബൊറൂസിയയിൽ എത്തിയതിനു ശേഷം 75 മത്സരങ്ങൾ കളിച്ച താരം 76 ഗോളുകൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *