എംബപ്പെ ക്ലബ് വിട്ടാൽ ലെവന്റോസ്ക്കിയെ സ്വന്തമാക്കാൻ പിഎസ്ജി!

പിഎസ്ജി സൂപ്പർ താരം കിലിയൻ എംബപ്പെയുടെ കരാറിന്റെ കാര്യത്തിലുള്ള അവ്യക്തതക്ക് ഇതുവരെ വിരാമമായിട്ടില്ല.ഈ സീസണോട് കൂടിയാണ് എംബപ്പെയുടെ ക്ലബുമായുള്ള കരാർ അവസാനിക്കുക.ഈ കരാർ പുതുക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഇതുവരെ എംബപ്പേ തീരുമാനം കൈക്കൊണ്ടിട്ടില്ല.ഇത് പിഎസ്ജിക്ക് വലിയ തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്.

ഏതായാലും എംബപ്പേ ക്ലബ് വിട്ടാലും അതിനെ നേരിടാനുള്ള മുൻകരുതലുകൾ ഇപ്പോൾ തന്നെ പിഎസ്ജി കൈകൊണ്ടിട്ടുണ്ട്.നിരവധി താരങ്ങളെയാണ് എംബപ്പേയുടെ സ്ഥാനത്തേക്ക് പിഎസ്ജി കണ്ടു വെച്ചിരിക്കുന്നത്.സൂപ്പർ താരങ്ങളായ ക്രിസ്റ്റഫർ എങ്കുങ്കു,റിച്ചാർലീസൺ,ഡാർവിൻ നുനെസ് എന്നിവരുടെ പേരുകൾ ഈ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു.ഇപ്പോഴിതാ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവന്റോസ്ക്കിയെ പിഎസ്ജി പരിഗണിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. പ്രമുഖ മാധ്യമമായ സ്കൈ സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2023-ലാണ് ലെവന്റോസ്ക്കിയുടെ ബയേണുമായുള്ള കരാർ അവസാനിക്കുക. പക്ഷേ വരുന്ന സമ്മറിൽ അദ്ദേഹം ക്ലബ്ബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്.എഫ്സി ബാഴ്സലോണ അടക്കമുള്ളവർ താരത്തിനു വേണ്ടി രംഗത്തുണ്ട്.

പ്രായം 33 വയസ്സായെങ്കിലും നിലവിൽ മിന്നുന്ന ഫോമിലാണ് ലെവന്റോസ്ക്കി കളിച്ചു കൊണ്ടിരിക്കുന്നത്.ബുണ്ടസ്ലിഗയിൽ ഈ സീസണിൽ ഇതിനോടകം തന്നെ 32 ഗോളുകൾ നേടാൻ ലെവന്റോസ്ക്കി സാധിച്ചിട്ടുണ്ട്.പക്ഷെ 30 പിന്നിട്ട ലെവന്റോസ്ക്കിക്ക് എത്ര കാലം എംബപ്പേയുടെ വിടവ് നികത്താൻ കഴിയുമെന്നുള്ള കാര്യത്തിൽ പലരും സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *