ഉടൻ തന്നെ വിരമിക്കൂ: ന്യൂയറോട് കാപ്പല്ലോ!

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ഒരു വലിയ തോൽവിയാണ് ബയേണിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവരെ ബാഴ്സ പരാജയപ്പെടുത്തിയത്.റാഫീഞ്ഞയുടെ ഹാട്രിക്കാണ് ബാഴ്സക്ക് ഈ ഗംഭീര വിജയം സമ്മാനിച്ചത്. മത്സരത്തിൽ ബയേൺ ഗോൾകീപ്പറായ മാനുവൽ ന്യൂയർ മോശം പ്രകടനം ആയിരുന്നു നടത്തിയിരുന്നത്.മത്സരത്തിൽ ആകെ നേരിടേണ്ടിവന്ന നാല് ഷോട്ടുകളും അദ്ദേഹം ഗോൾ വഴങ്ങുകയായിരുന്നു.

38 വയസ്സുള്ള ന്യൂയറിനെ തന്നെയാണ് ഇപ്പോഴും ഈ ജർമ്മൻ ക്ലബ്ബ് ആശ്രയിക്കുന്നത്. പ്രശസ്ത പരിശീലകനായിരുന്ന ഫാബിയോ കാപല്ലോ ഈ വിഷയത്തിൽ വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഒരു നിശ്ചിത പ്രായമെത്തിക്കഴിഞ്ഞാൽ വിരമിച്ച് പോകണം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ന്യൂയർ കളി അവസാനിപ്പിക്കാൻ സമയമായി എന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.കാപല്ലോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഗോൾകീപ്പർമാർ ഒരു നിശ്ചിത പ്രായം എത്തിക്കഴിഞ്ഞാൽ വിരമിക്കാനുള്ള ധൈര്യം കാണിക്കണം.ഞാൻ ന്യൂയറെ വേദനിപ്പിക്കാൻ വേണ്ടി പറയുന്നതല്ല ഇത്. പക്ഷേ പണ്ട് ഉണ്ടായിരുന്ന ന്യൂയർ അല്ല ഇപ്പോൾ ഉള്ളത്.അദ്ദേഹം ടീമിന് യാതൊരുവിധ സപ്പോർട്ടും നൽകുന്നില്ല. പഴയപോലെ മികച്ച സേവുകൾ ഒന്നും നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. നിലവിൽ ഡിഫൻസിൽ യാതൊരുവിധ സുരക്ഷിതത്വവും ഉറപ്പുവരുത്താൻ അദ്ദേഹത്തിന് കഴിയുന്നില്ല.അതുകൊണ്ടുതന്നെ അദ്ദേഹം വിരമിക്കലിനെ കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ആ പഴയ മികവിലേക്ക് അദ്ദേഹം ഉടനെ തിരിച്ചെത്തണം ” ഇതാണ് കാപ്പല്ലോ പറഞ്ഞിട്ടുള്ളത്.

ഈയിടെ ജർമ്മൻ ദേശീയ ടീമിൽ നിന്നും ന്യൂയർ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.അധികകാലം ഒന്നും താരം ഇനി കളിക്കളത്തിൽ ഉണ്ടാവില്ല എന്നത് വ്യക്തമാണ്. നിലവിൽ മോശം പ്രകടനമാണ് ബയേൺ ചാമ്പ്യൻസ് ലീഗിൽ നടത്തിക്കൊണ്ടിരിക്കുന്നത്.ആസ്റ്റൻ വില്ലയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് അവർക്ക് ബാഴ്സയോടും വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *