ഇനി ഹാട്രിക്ക് അടിക്കരുത് :മാച്ച് ബോളിൽ കെയ്നിന് സഹതാരത്തിന്റെ സന്ദേശം!
ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ ഗംഭീര വിജയമാണ് ബയേൺ മ്യൂണിക്ക് സ്വന്തമാക്കിയിട്ടുള്ളത്. രണ്ടിനെതിരെ ഒമ്പത് ഗോളുകൾക്കാണ് ഡൈനാമോ സാഗ്രബിനെ അവർ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഹാരി കെയ്ൻ ഹാട്രിക്ക് പൂർത്തിയാക്കിയിരുന്നു. മത്സരത്തിൽ നാല് ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. അതിൽ മൂന്നെണ്ണവും പെനാൽറ്റിയിലൂടെയായിരുന്നു
തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഇപ്പോൾ കെയ്ൻ ഹാട്രിക്ക് പൂർത്തിയാക്കുന്നത്. ഇതിന് തൊട്ടുമുൻപ് ജർമൻ ലീഗിൽ നടന്ന മത്സരത്തിൽ കീലിനെതിരെ താരം ഹാട്രിക്ക് നേടിയിരുന്നു. 3 ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു അന്ന് സ്വന്തമാക്കിയിരുന്നത്. അതിന് പിന്നാലെയാണ് ചാമ്പ്യൻസ് ലീഗിലും ഹാട്രിക്ക് പൂർത്തിയാക്കിയിട്ടുള്ളത്.
ഹാട്രിക്ക് പൂർത്തിയാക്കുന്ന താരത്തിന് മത്സരത്തിലെ ബോൾ സ്വന്തമാക്കാൻ സാധിക്കും. മാത്രമല്ല സഹതാരങ്ങൾ എല്ലാവരും ആ ബോളിൽ സൈൻ ചെയ്യുകയും ചെയ്യും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെയും മാച്ച് ബോൾ സ്വന്തമാക്കിയത് കെയ്ൻ തന്നെയാണ്.മാത്രമല്ല താരങ്ങൾ എല്ലാവരും സൈൻ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഒരു ബയേൺ താരം അതിൽ എഴുതിയത് Bro Not Again എന്നായിരുന്നു. അതായത് ഇനി ഹാട്രിക്ക് അടിക്കരുത് എന്നാണ് തമാശ രൂപേണ എഴുതിയിട്ടുള്ളത്.
ആരാണ് ഇത് എഴുതിയത് എന്നത് ആരാധകർ അന്വേഷിച്ചിരുന്നു. അതിനുള്ള മറുപടി ഇപ്പോൾ കെയ്ൻ തന്നെ നൽകിയിട്ടുണ്ട്. ഫ്രഞ്ച് സൂപ്പർതാരമായ മൈക്കൽ ഓലിസാണ് അത് എഴുതിയിട്ടുള്ളത്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് കെയ്ൻ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. സൈൻ ചെയ്ത് മടുത്തു അതുകൊണ്ടാണ് ഓലിസ് തമാശ രൂപേണ ഇക്കാര്യം എഴുതിയിട്ടുള്ളത്.
തകർപ്പൻ ഫോമിൽ കളിക്കുന്ന കെയ്ൻ ബയേണിന് വേണ്ടി ആകെ 50 ഗോളുകൾ പൂർത്തിയാക്കിയിരുന്നു. 50 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം 50 ഗോളുകൾ നേടിയിട്ടുള്ളത്. കൂടാതെ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഇംഗ്ലീഷ് താരം എന്ന റെക്കോർഡും ഹാരി കെയ്ൻ കഴിഞ്ഞ മത്സരത്തോടെ കൂടി സ്വന്തമാക്കിയിരുന്നു.