ഇനിയെനിക്ക് ബയേണിന് വേണ്ടി കളിക്കുകയേ വേണ്ട : തുറന്നടിച്ച് ലെവന്റോസ്ക്കി!

ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരമായ റോബർട്ട് ലെവന്റോസ്ക്കിയുടെ ക്ലബുമായുള്ള കരാർ അടുത്ത സീസണിലാണ് അവസാനിക്കുക. ഈ കരാർ താരം പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മാത്രമല്ല, വരുന്ന സമ്മറിൽ തന്നെ ക്ലബ് ക്ലബ്ബ് വിടാനാണ് ലെവന്റോസ്ക്കിയുടെ പദ്ധതി. എന്നാൽ ബയേൺ ഇതിന് ഇതുവരെ സമ്മതിച്ചിട്ടില്ല.

അതുകൊണ്ടുതന്നെ ഒരല്പം രോഷത്തോടെ കൂടിയാണ് ലെവന്റോസ്ക്കി ഇപ്പോൾ സംസാരിക്കുന്നത്.ബയേണിലെ തന്റെ യുഗം അവസാനിച്ചുവെന്നും താൻ ഇനി ബയേണിന് വേണ്ടി ഒരിക്കലും കളിക്കാൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലെവന്റോസ്ക്കിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ബയേണിലെ എന്റെ യുഗം അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി ഒരിക്കലും ഈ ക്ലബ്ബിൽ കളിക്കാനുള്ള യാതൊരു സാധ്യതകളും ഞാൻ കാണുന്നില്ല.ബയേൺ ഒരു സീരിയസ് ക്ലബാണ്. അതുകൊണ്ടുതന്നെ എന്നെ അവർ അവിടെ പിടിച്ചു നിർത്തില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ ഒരിക്കലും ഇനി ബയേണിന് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്നില്ല. ഒരു ട്രാൻസ്ഫറാണ് ഇവിടുത്തെ ഏറ്റവും മികച്ച പരിഹാരം. എന്നെ അവർ തടഞ്ഞു നിർത്തില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ രണ്ടു വർഷവും ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നത് ലെവന്റോസ്ക്കിയായിരുന്നു. ഈ സീസണിലും തകർപ്പൻ പ്രകടനം തന്നെയായിരുന്നു ലെവ പുറത്തെടുത്തിരുന്നത്. നിലവിൽ ബാഴ്സയിലേക്ക് ചേക്കേറാനാണ് താരം ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *