ഇതിനേക്കാൾ കൂടുതൽ ഞങ്ങൾ അർഹിക്കുന്നുണ്ട്: എല്ലാം വേണമെന്നാവശ്യപ്പെട്ട് സാബി അലോൺസോ

തകർപ്പൻ പ്രകടനമാണ് ഇപ്പോൾ സാബി അലോൺസോക്ക് കീഴിൽ ജർമ്മൻ ക്ലബ്ബായ ബയേർ ലെവർകൂസൻ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന യൂറോപ ലീഗ് സെമി ഫൈനൽ പോരാട്ടത്തിൽ റോമ അവരെ തോൽപ്പിക്കുന്നതിന്റെ വക്കിലെത്തിയിരുന്നു. പക്ഷേ ഏറ്റവും അവസാനത്തിൽ രണ്ട് ഗോളുകൾ നേടിക്കൊണ്ട് അവർ സമനില പിടിച്ചെടുക്കുകയായിരുന്നു. രണ്ടു പാദങ്ങളിലുമായി 4-2ന്റെ വിജയം നേടിയ ലെവർകൂസൻ യൂറോപ ലീഗിന്റെ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. അവസാനമായി കളിച്ച 49 മത്സരങ്ങളിൽ ഒരു പരാജയം പോലും അറിയാതെ ബയേർ മുന്നോട്ട് കുതിക്കുകയാണ്.

യൂറോപ ലീഗിന്റെ ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റയാണ് ഇവരുടെ എതിരാളികൾ.നേരത്തെ ബുണ്ടസ് ലിഗ കിരീടം ബയേർ സ്വന്തമാക്കിയിട്ടുണ്ട്. സീസണിലെ മൂന്ന് കിരീടങ്ങളും ഇവർ ലക്ഷ്യം വെക്കുന്നുണ്ട്. മൂന്ന് കിരീടങ്ങളും തങ്ങൾ അർഹിക്കുന്നു എന്നാണ് സാബി അലോൺസോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഒരു ആഴ്ചക്കുള്ളിൽ ഞങ്ങൾക്ക് രണ്ട് ഫൈനലുകൾ കളിക്കേണ്ടതുണ്ട്.എതിരാളികൾ രണ്ടാം ഗോൾ നേടിയതിനുശേഷം ഞങ്ങൾ ഞങ്ങളുടെ യഥാർത്ഥ പ്രകടനം പുറത്തെടുക്കുകയായിരുന്നു. കൂടുതൽ നേടാനുള്ള ആഗ്രഹം എന്റെ താരങ്ങളുടെ കണ്ണുകളിൽ എനിക്ക് കാണാനായി.3 കിരീടങ്ങൾ നേടാനുള്ള അവസരം ഞങ്ങൾക്ക് മുന്നിൽ ഉണ്ട്.മൂന്ന് കിരീടങ്ങളും ഞങ്ങൾ അർഹിക്കുന്നുണ്ട് ” ഇതാണ് സാബി അലോൺസോ പറഞ്ഞിട്ടുള്ളത്.

ബുണ്ടസ് ലിഗ കിരീടം നേരത്തെ തന്നെ ബയേർ സ്വന്തമാക്കിയിട്ടുണ്ട്.മെയ് 25ആം തിയ്യതി DFB പോക്കലിലെ ഫൈനൽ മത്സരം ബയേറിന് കളിക്കാനുണ്ട്. ഇതോടൊപ്പം തന്നെ യൂറോപ ലീഗിന്റെ ഫൈനലും ഇവർക്ക് കളിക്കേണ്ടതുണ്ട്. എങ്ങനെ മൂന്ന് കിരീടങ്ങളും സ്വന്തമാക്കുക എന്നുള്ളതാണ് ബയേറിന്റെ ഇപ്പോഴത്തെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *