അപൂർവ്വ റെക്കോർഡിട്ട് മുള്ളർ, അവിശ്വസനീയമെന്ന് കോംപനി!
ഇന്നലെ ബുണ്ടസ് ലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ബയേൺ മ്യൂണിക്കിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ ഫ്രീബർഗിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.ഹാരി കെയ്ൻ പെനാൽറ്റിയിലൂടെ ബയേണിന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. പിന്നീട് ഗ്നാബ്രിയുടെ അസിസ്റ്റിൽ നിന്നും തോമസ് മുള്ളർ ബയേണിന്റെ രണ്ടാം ഗോൾ നേടുകയായിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബയേൺ ഉള്ളത്.
ഈ മത്സരത്തിൽ ഒരു അപൂർവ്വ റെക്കോർഡ് മുള്ളർ സ്വന്തമാക്കിയിട്ടുണ്ട്.ബയേണിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.710 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.1979ൽ വിരമിച്ച സെപ്പ് മേയറുടെ റെക്കോർഡാണ് അദ്ദേഹം തകർത്തിട്ടുള്ളത്. അവിശ്വസനീയം എന്നാണ് ഇതേക്കുറിച്ച് അവരുടെ പരിശീലകനായ വിൻസന്റ് കോംപനി പ്രതികരിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” അസാധാരണമായ ഒരു നേട്ടം തന്നെയാണ് മുള്ളർ സ്വന്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ആദ്യ മത്സരത്തിന് സാക്ഷിയായവനാണ് ഞാൻ. ഇപ്പോഴിതാ 710 മത്സരങ്ങൾ അദ്ദേഹം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.തികച്ചും അവിശ്വസനീയമായ ഒരു കാര്യം തന്നെയാണ് ഇത്.ഈ 710 മത്സരങ്ങളിലും തന്റെ 100% സമർപ്പിച്ച് കളിച്ച താരമാണ് മുള്ളർ.ട്രെയിനിങ്ങിലും അങ്ങനെ തന്നെയാണ്. അതാണ് ഈ താരത്തെ വ്യത്യസ്തനാക്കുന്നത് ” ഇതാണ് ബയേൺ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
710 മത്സരങ്ങളിൽ നിന്ന് 245 ഗോളുകളും 269 അസിസ്റ്റുകളും സ്വന്തമാക്കിയ താരമാണ് തോമസ് മുള്ളർ.ബുണ്ടസ് ലിഗയിൽ 475 മത്സരങ്ങളിൽ നിന്ന് 150 ഗോളുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് ചാമ്പ്യൻസ് ലീഗുകളും 12 ബുണ്ടസ് ലിഗ കിരീടങ്ങളും ഉൾപ്പെടെ നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണ് മുള്ളർ.