‘ Suii ‘ സെലിബ്രേഷന്റെ അർത്ഥവും ചരിത്രവും വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ!

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ബാലൺഡി’ഓർ പുരസ്കാരങ്ങൾ താരം നേടിയിട്ടുണ്ട്. ഇന്റർനാഷണൽ ഫുട്ബോളിലും ക്ലബ്ബ് ഫുട്ബോളിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ക്രിസ്റ്റ്യാനോ തന്നെയാണ്. അതോടൊപ്പം തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ സെലിബ്രേഷനും ലോകപ്രശസ്തമാണ്.

ആരാധകർ മാത്രമല്ല, മറ്റുള്ള കായിക താരങ്ങളും സെലിബ്രിറ്റികളും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ Suii സെലിബ്രേഷൻ അനുകരിക്കാറുണ്ട്. ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരു സെലിബ്രേഷൻ ലോകത്തുണ്ടോ എന്നുള്ളതും വലിയ ഒരു ചോദ്യചിഹ്നമാണ്.ആ സെലിബ്രേഷനെ കുറിച്ച് റൊണാൾഡോ ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. ലൈവ് സ്കോർ എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ ഇതേക്കുറിച്ച് സംസാരിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആ സെലിബ്രേഷൻ ഇപ്പോൾ ഒരു ആഗോള പ്രതിഭാസമായി വളർന്നതായി എനിക്ക് തോന്നുന്നു. മറ്റു കളിക്കാർ ഇത് അനുകരിക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു. മറ്റുള്ള കായികതാരങ്ങൾ ഈ സെലിബ്രേഷൻ അനുകരിക്കുന്നതും ചെറിയ ചെറിയ കുട്ടികൾ ഈ സെലിബ്രേഷൻ നടത്തുന്നതുമായ വീഡിയോകൾ പലരും എനിക്ക് അയച്ചു തരാറുണ്ട്.അതൊക്കെ ഞാൻ ആസ്വദിക്കാറുണ്ട്.Suii എന്നതിന്റെ അർത്ഥം Yes എന്നാണ്. വളരെ ലളിതമായ അർത്ഥമാണെങ്കിലും ഇത് വളരെ കരുത്തുറ്റതും മികച്ചതുമാണ്. ഞാൻ റയൽ മാഡ്രിഡിൽ ആയിരുന്ന സമയത്ത് അമേരിക്കയിൽ വെച്ച് ചെൽസിക്കെതിരെ ഒരു മത്സരം ഉണ്ടായിരുന്നു. ആ മത്സരത്തിലാണ് ഞാൻ Suii പറഞ്ഞുകൊണ്ട് സെലിബ്രേഷൻ നടത്തിയത്. അത് എവിടെ നിന്ന് വന്നു എന്നെനിക്കറിയില്ല. പക്ഷേ അത് ആളുകൾക്ക് ഇഷ്ടപ്പെടുകയായിരുന്നു “ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.

2014ൽ ബാലൺഡി’ഓർ പുരസ്കാരം നേടിയ സമയത്തും റൊണാൾഡോ Suii എന്ന് പറഞ്ഞിരുന്നു. അന്നത്തോടുകൂടി അത് കൂടുതൽ ജനശ്രദ്ധ ആകർഷിക്കുകയായിരുന്നു. ഏതായാലും ഇന്ന് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള സെലിബ്രേഷനുകളിൽ ഒന്ന് ക്രിസ്റ്റ്യാനോയുടെ സെലിബ്രേഷൻ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *