സൗദിയിലേക്ക് പോയി,സൂപ്പർ താരങ്ങളുടെ മൂല്യം ഒരു വർഷം കൊണ്ട് കൂപ്പുകുത്തി!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിനെ തിരഞ്ഞെടുത്തതാണ് ഫുട്ബോൾ ലോകത്ത് വലിയ ഒരു മാറ്റം സൃഷ്ടിച്ചത്. എന്തെന്നാൽ പല സൂപ്പർ താരങ്ങളെയും അതുവഴി സ്വന്തമാക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞു.നെയ്മർ ജൂനിയർ അടക്കമുള്ള താരങ്ങൾ ഇന്ന് സൗദി അറേബ്യൻ ലീഗിലെ താരങ്ങളാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ളതുകൊണ്ടുതന്നെ കൂടുതൽ താരങ്ങൾക്ക് സൗദി ലീഗിനെ തിരഞ്ഞെടുക്കാനുള്ള ഒരു പ്രചോദനം ലഭിക്കുകയായിരുന്നു. കൂടാതെ സൗദി നൽകുന്ന സാലറിയും വളരെയധികം ആകർഷകമാണ്.
ഇതുമായി ബന്ധപ്പെട്ട ഒരു കണക്ക് സ്കോർ 90 പ്രസിദ്ധീകരിച്ചിട്ടുണ്ട്.സൗദിയിലേക്ക് പോയ പല സൂപ്പർ താരങ്ങളുടെയും മൂല്യം ഇടിയുകയാണ് ചെയ്തിട്ടുള്ളത്. അവരുടെ മൂല്യത്തിൽ വർദ്ധനവ് വരുത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല.അതിൽ ഏറ്റവും പ്രധാനപ്പെട്ട താരം നെയ്മർ ജൂനിയർ തന്നെയാണ്. സൗദിയിൽ എത്തിയ സമയത്ത് അദ്ദേഹത്തിന്റെ മൂല്യം 60 മില്യൺ യൂറോയാണ്.എന്നാൽ നിലവിൽ അത് 30 മില്യൺ യൂറോയായിക്കൊണ്ട് ചുരുങ്ങിയിട്ടുണ്ട്.
അതിന് നെയ്മർ ഏറ്റവും കൂടുതൽ പഴിക്കേണ്ടി വരിക പരിക്കിനെ തന്നെയായിരിക്കും. കാരണം കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗം മത്സരങ്ങളും പരിക്ക് കാരണം നെയ്മർക്ക് നഷ്ടമായിരുന്നു. ഇപ്പോഴും അതിന്റെ റിക്കവറിയിലാണ് നെയ്മർ ജൂനിയർ ഉള്ളത്. ബെൻസിമയുടെ കാര്യത്തിലും വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിൽ നിന്നും ഫ്രീ ഏജന്റായി കൊണ്ട് അൽ ഇത്തിഹാദിൽ എത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ മൂല്യം 25 മില്യൻ യൂറോയാണ്.കഴിഞ്ഞ സീസണിൽ പ്രതീക്ഷിച്ച ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. നിലവിൽ അദ്ദേഹത്തിന്റെ വാല്യു പത്ത് മില്യൺ യൂറോയാണ്.വലിയ ഒരു ഇടിവ് തന്നെയാണ് സംഭവിച്ചിട്ടുള്ളത്.
സാഡിയോ മാനെ,ഫിർമിഞ്ഞോ എന്നിവരുടെ കാര്യത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്.അൽ അഹ്ലിയിൽ എത്തുന്ന സമയത്ത് 18 മില്യൺ യൂറോ മൂല്യമുണ്ടായിരുന്ന ഫിർമിഞ്ഞോയുടെ ഇപ്പോഴത്തെ വാല്യൂ എന്നുള്ളത് കേവലം 8 മില്യൺ യൂറോയാണ്. 25 മില്യൺ യൂറോ ആയിരുന്നു സാഡിയോ മാനെയുടെ ആദ്യത്തെ മൂല്യം. അതിപ്പോൾ 15 മില്യൺ യൂറോ ആയിക്കൊണ്ട് കുറഞ്ഞിട്ടുണ്ട്.ഈ നാല് താരങ്ങൾക്കാണ് പ്രധാനമായും ഇടിവ് സംഭവിച്ചിട്ടുള്ളത്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോട്ടങ്ങൾ ഒന്നും തട്ടിയിട്ടില്ല.കാരണം കഴിഞ്ഞ സീസണിൽ അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.