സൗദിയിലേക്ക് പോകൂ,ക്രിസ്റ്റ്യാനോയേക്കാൾ വലിയ സ്റ്റാറാവൂ: സലായോട് മുൻ താരം!
ഈജിപ്ഷ്യൻ സൂപ്പർ താരമായ മുഹമ്മദ് സലായെ സ്വന്തമാക്കാൻ വേണ്ടി കഴിഞ്ഞ സമ്മറിൽ തന്നെ സൗദി അറേബ്യ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു.ഒരു റെക്കോർഡ് തുക താരത്തിനു വേണ്ടി സൗദി ക്ലബ്ബായ അൽ ഇത്തിഹാദ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ താരത്തെ കൈവിടാൻ ലിവർപൂൾ ഒരുക്കമായിരുന്നില്ല.പക്ഷേ സൗദി ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ല.ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്താൻ തന്നെയാണ് സൗദി തീരുമാനിച്ചിട്ടുള്ളത്.മറ്റൊരു വലിയ ഓഫർ ലിവർപൂളിന് ലഭിച്ചേക്കും.
നിലവിൽ സലാക്ക് സൗദിയിലേക്ക് പോകാൻ താല്പര്യമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ ലിവർപൂൾ അദ്ദേഹത്തെ കൈവിട്ടാലും അത്ഭുതപ്പെടാനില്ല. ഇപ്പോൾ സലാക്കും ലിവർപൂളിനും ചില ഉപദേശങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് അവരുടെ മുൻപ്രതിരോധനിര താരമായ എൻറിക്കെ. സൗദിയിലേക്ക് പോയാൽ അവിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ വലിയ സ്റ്റാറാവാൻ സലാക്ക് കഴിയുമെന്നാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” മൂന്ന് വർഷം മുൻപ് ഉണ്ടായിരുന്ന സലായല്ല ഇപ്പോഴത്തെ സലാ. അദ്ദേഹത്തിന്റെ പ്രകടനം ഒരല്പം മോശമായിട്ടുണ്ട്.പക്ഷേ ഇപ്പോഴും ഗോളുകൾ നേടാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.ഞാൻ ലിവർപൂളിൽ ആയിരുന്നുവെങ്കിൽ,ഒരു മികച്ച ഓഫർ വന്നു കഴിഞ്ഞാൽ തീർച്ചയായും അദ്ദേഹത്തെ കൈവിടുന്നത് പരിഗണിക്കും. തീർച്ചയായും സൗദി അറേബ്യയിൽ നിന്നും വലിയ ഒരു തുക തന്നെ താരത്തിനു വേണ്ടി ലഭിക്കും. അദ്ദേഹത്തെ ഒഴിവാക്കണമെന്ന് എന്റെ അഭിപ്രായത്തോട് ലിവർപൂൾ ആരാധകർക്ക് ഒരുപക്ഷേ എതിർപ്പ് ഉണ്ടാവാം.പക്ഷേ ചില സമയങ്ങളിൽ നമ്മൾ താരങ്ങളെ കൈവിട്ടേ മതിയാകൂ.സലാക്ക് വേണ്ടി കഴിഞ്ഞ സമ്മറിൽ തന്നെ ഓഫറുകൾ വന്നതാണ്. അദ്ദേഹത്തിന് സൗദിയിൽ പോയിക്കഴിഞ്ഞാൽ ഒരുപക്ഷേ അവിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ വലിയ സ്റ്റാറാവാൻ സാധിച്ചേക്കും. തീർച്ചയായും അദ്ദേഹം ഇപ്പോൾ ലിവർപൂൾ വിടാൻ ആഗ്രഹിക്കുന്നുണ്ട് “ഇതാണ് മുൻ ലിവർപൂൾ താരം പറഞ്ഞിട്ടുള്ളത്.
2017 മുതൽ ലിവർപൂളിന് വേണ്ടി കളിക്കുന്ന താരമാണ് സലാ.349 മത്സരങ്ങൾ ആകെ കളിച്ച താരം 211 ഗോളുകളും നേടിയിട്ടുണ്ട്. പക്ഷേ നിലവിൽ ലിവർപൂളിൽ അദ്ദേഹം അത്ര തൃപ്തനല്ല. അതുകൊണ്ടുതന്നെ അടുത്ത സീസണിൽ അദ്ദേഹത്തെ അൽ ഇത്തിഹാദിന്റെ ജേഴ്സിയിൽ കാണാനുള്ള സാധ്യതകൾ ഉണ്ട്