സെൽഫിയെടുക്കാൻ വന്ന എതിർസ്റ്റാഫിന്റെ കൈ തട്ടിമാറ്റി, വിവാദങ്ങളൊഴിയാതെ ക്രിസ്റ്റ്യാനോ!

ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് സാധിച്ചിരുന്നില്ല.അൽ ഖലീജ് അൽ നസ്റിനെ സമനിലയിൽ തളക്കുകയാണ് ചെയ്തിട്ടുള്ളത്.ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല.

ടീമിന്റെ മോശം പ്രകടനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി റൊണാൾഡോ കടുത്ത അസംതൃപ്തനാണ്.അതിന്റെ ഭാഗമായി കൊണ്ട് പല വിവാദങ്ങളിലും റൊണാൾഡോ അകപ്പെട്ടിരുന്നു. ആരാധകർക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചത് സൗദി അറേബ്യയിൽ വലിയ വിവാദമായിരുന്നു.മാത്രമല്ല ടീമിന്റെ മോശം പ്രകടനത്തിൽ പലപ്പോഴും റൊണാൾഡോ പരസ്യമായി അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടായിരുന്നു.

ഇന്നലെയും ഇത്തരത്തിലുള്ള ഒരു പ്രവർത്തി റൊണാൾഡോയിൽ നിന്നും ഉണ്ടായി. അതായത് മത്സരത്തിൽ ഗോളടിക്കാനും വിജയിക്കാനും സാധിക്കാത്തതിൽ റൊണാൾഡോ നിരാശയിലായിരുന്നു. മത്സരശേഷം പല എതിർ താരങ്ങളും റൊണാൾഡോയെ പരിചയപ്പെടാൻ എത്തിയിരുന്നു. ഒരു താരത്തിന് റൊണാൾഡോ ജേഴ്സി കൈമാറുകയും ചെയ്തിരുന്നു. എന്നാൽ അതിനു ശേഷം അൽ ഖലീജിന്റെ ഒരു സ്റ്റാഫ് റൊണാൾഡോക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു.

റൊണാൾഡോയെ പിടിച്ചു വെച്ചു കൊണ്ടുള്ള രൂപത്തിലായിരുന്നു അദ്ദേഹം സെൽഫി എടുക്കാൻ ശ്രമിച്ചിരുന്നത്.എന്നാൽ അത് റൊണാൾഡോക്ക് പിടിച്ചില്ല.താരം അദ്ദേഹത്തിന്റെ കൈ തട്ടി മാറ്റുകയും ചെയ്തു. ഇതിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നുണ്ട്. ഇത് വിവാദമായെങ്കിലും പലരും റൊണാൾഡോക്ക് അനുകൂലമായി കൊണ്ട് തന്നെയാണ് വാദിക്കുന്നത്. ഏതായാലും ടീമിന്റെ ഇപ്പോഴത്തെ പ്രകടനത്തിൽ റൊണാൾഡോ ഒട്ടും സംതൃപ്തനല്ല. ഇനി കിരീടം നേടുക എന്നുള്ളത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ദുഷ്കരമായ ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *